കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിങ് ഏജന്‍സിയാണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. പി.എഫ്.ഐയുടെ നിരോധനം ഒറ്റമൂലിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു കാലത്ത് നിരോധിക്കപ്പെട്ടതായിരുന്നു. അങ്ങനെ ആ നിരോധിക്കപ്പെട്ടതിനെ അതിജീവിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് മറ്റൊരു പാര്‍ട്ടിയെ നിരോധിക്കണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയുകയുള്ളൂ. തീവ്രവാദത്തിന്റെയും, ഭീകരവാദത്തിന്റെയും പ്രത്യയശാസ്ത്രത്തെ അത് ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടി ഒറ്റപ്പെടുത്തുകയല്ലാതെ, നിരോധനം ഒറ്റമൂലിയല്ല,’ എം.വി.ജയരാജന്‍
‘മാവോയിസ്റ്റുകളേയും, നക്‌സലൈറ്റുകളേയും നിരോധിക്കണമെന്ന കാഴ്ച്ചപ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. നിരോധനമെന്നത് ഇവരുടെ പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല. വര്‍ഗീയ, തീവ്രവാദ, ഭീകരവാദ പ്രസ്ഥാനങ്ങള്‍ പലയിടത്തും ഒന്നിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടെന്നും,’ എം.വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിരോധനം കൊണ്ട് തീവ്രവാദം ഇല്ലാതാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കഴിഞ്ഞ ദിവസം വ്യക്തമാക്കി. രണ്ട് പേര്‍ ഏറ്റുമുട്ടുന്ന നാട്ടില്‍ ഒന്നിനെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണം എന്ന നിലപാട് തങ്ങള്‍ക്കില്ല. ഒരു വശത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും. വര്‍ഗീയത ആളിക്കത്തിക്കേണ്ടത് ആര്‍.എസ്.എസിന്റെ ആവശ്യമാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വീണ്ടും വ്യാപക റെയ്ഡാണ് നടക്കുന്നത്. എട്ട് സംസ്ഥാനങ്ങളില്‍ പൊലീസും അന്വേഷണ ഏജന്‍സികളും നടത്തിയ റെയ്ഡില്‍ 200ലേറെ പി.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
റെയ്ഡുകളില്‍ നിരവധി രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. ദല്‍ഹിയിലെ പി.എഫ്.ഐ ഓഫീസുകള്‍ സീല്‍ ചെയ്തിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് ‘ഓപ്പറേഷന്‍ ഒക്ടോപസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടിനല്‍കിയിരുന്നു.