'ഗവര്‍ണര്‍ പദവി അനാവശ്യമായ ആര്‍ഭാഢമാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളുടെ പാര്‍ട്ടി'; ഗവര്‍ണറെ തള്ളി കാനം രാജേന്ദ്രന്‍
Kerala News
'ഗവര്‍ണര്‍ പദവി അനാവശ്യമായ ആര്‍ഭാഢമാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളുടെ പാര്‍ട്ടി'; ഗവര്‍ണറെ തള്ളി കാനം രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th January 2020, 5:28 pm

തിരുവനന്തപുരം: കേരള ഗവണ്‍മെന്റിനെതിരെ പത്രസമ്മേളനം വിളിച്ച വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ ഗവണ്‍മെന്റിന്റെ തലവന്‍ ഗവര്‍ണര്‍ ആണെന്നതില്‍ തര്‍ക്കമൊന്നുമില്ലെന്നും പക്ഷെ ഇന്ത്യയില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളെ ചോദ്യം ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇവിടെ ഗവണ്‍മെന്റ് ഭരണഘടന നല്‍കുന്ന ഒരു അവകാശം ഉപയോഗിക്കുകയാണ്. അതിന് ഗവര്‍ണറുടെ അനുവാദം വാങ്ങിക്കണമെന്ന് ഒരിടത്തും പറയുന്നില്ല. ഇന്ത്യയില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളെ ചോദ്യം ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. എത്രയോ നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. ആ നിയമത്തിന്റെ അവസാന വിശകലനം സുപ്രീംകോടതി തീരുമാനിച്ച് കൊണ്ടുവരട്ടെ. അതുകൊണ്ട് കേരളഗവണ്‍മെന്റ് ചെയ്തത് മഹാ അപരാദമാണെന്ന തരത്തില്‍ ഒരു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് വളരെ അനുചിതമായിപ്പോയി.’ കാനം രാജേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിലൂടെ ഗവര്‍ണര്‍ സര്‍ക്കാരിനോടുള്ള അസംതൃപ്തി അറിയിക്കുന്നത് ആദ്യമായിട്ടാണെന്നും ഇത് ഗവര്‍ണര്‍ക്കും ഗവണ്‍മെന്റിനും മോശമാണെന്നും കാനം വ്യക്തമാക്കി. ഗവണ്‍മെന്റും

‘ഗവര്‍ണറും കേന്ദ്രസര്‍ക്കാരും ഭരണഘടനയുടെ സൃഷ്ടിയാണ്. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയത് പരിഹരിക്കണം. ഇത് ജനാധിപത്യത്തിലെ അനാരോഗ്യകരമായ ഒരു കാര്യമാണ്. ഈ ഗവര്‍ണര്‍ പദവി തന്നെ അനാവശ്യമായിട്ടുള്ള ആര്‍ഭാഢമാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളുടെ പാര്‍ട്ടി, ഇതിനു മുന്‍പും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ തരംതാഴരുതെന്നും’ കാനം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ