| Monday, 7th November 2022, 1:28 pm

'ഐ.ടി കമ്പനികളില്‍ നടക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ പോരാടും'; സി.പി.ഐ.എം ഐ.ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസ് 'സ്റ്റാലിന്‍ സെന്റര്‍' ഉദ്ഘാടനം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സി.പി.ഐ.എം ഐ.ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസ് ‘സ്റ്റാലിന്‍ സെന്റര്‍’ ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടകയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും കര്‍ണാടക സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.ജെ.കെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.

സി.പി.ഐ.എം കര്‍ണാടക സംസ്ഥാന കമ്മിറ്റി അംഗമായ വസന്തരാജ്, ബെംഗളൂരു സൗത്ത് ജില്ലാ സെക്രട്ടറി ബി.എന്‍. മഞ്ജുനാഥ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. സി.പി.ഐ.എം ഐ.ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റി അംഗം ചിത്ര ബാനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക്കല്‍ കമ്മിറ്റി അംഗം ലെനില്‍ ബാബു സ്വാഗതവും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സൂരജ് നിടിയങ്ങ നന്ദിയും പറഞ്ഞു.

പുതിയ തലമുറ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളെ പാര്‍ട്ടിയുടെ കീഴില്‍ സംഘടിപ്പിക്കാനായി സി.പി.ഐ.എം കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ 2018ല്‍ ആണ് സി.പി.ഐ.എം ഐ.ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റി നിലവില്‍ വന്നത്.

ഐ.ടി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ കര്‍ണാടക സ്റ്റേറ്റ് ഐ.ടി / ഐ.ടി ഇ.എസ്സ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ ഐ.ടി കമ്പനികളില്‍ നടക്കുന്ന കടുത്ത തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ വലിയ തൊഴിലാളി മുന്നേറ്റങ്ങളാണ് ഈ കാലയളവില്‍ നടന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

സി.പി.ഐ.എം ഐ.ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ നിലവില്‍ ഒമ്പത് പാര്‍ട്ടി ബ്രാഞ്ചുകളിലായി 152 പാര്‍ട്ടി മെമ്പര്‍മാരും 200ല്‍ അധികം അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമാണുള്ളത്.

ബെംഗളൂരില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതിനും സംഘടിത തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ കേന്ദ്രമായി സ്റ്റാലിന്‍ സെന്റര്‍ മാറുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Content Highlight: CPIM IT front local committee office inaugurated in Bengaluru

We use cookies to give you the best possible experience. Learn more