| Friday, 4th March 2022, 5:25 pm

സി.പി.ഐ.എമ്മില്‍ വിഭാഗീയത അവസാനിച്ചിരിക്കുന്നു: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഭാഗീയത ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇങ്ങനെ നടക്കില്ലായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.

പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായത് എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. വിഭാഗീയത ഇല്ലാതായതോടെ കേന്ദ്രീകൃത നേതൃത്വം എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

മെറിറ്റ് അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞു. മുന്നണി വിപുലീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ സ്ത്രീകളെ രണ്ടാംകിടയായി കാണുന്നതില്‍ മാറ്റമുണ്ടാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് സി. പി.ഐ.എം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം ഒരു പരാമര്‍ശമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇത്തവണ സ്ത്രീകള്‍ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സി.പി.ഐ.എമ്മിന്റെ 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതകള്‍ മാത്രമാണുള്ളത്. പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, കെ.കെ. ശൈലജ, പി. സതീദേവി, പി.കെ. സൈനബ, കെ.പി. മേരി, സി.എസ്. സുജാത, ജെ. മേഴ്സിക്കുട്ടിയമ്മ, ടി.എന്‍. സീമ, കെ.എസ്.സലീഖ, കെ.കെ.ലതിക, ഡോ.ചിന്ത ജെറോം, സൂസന്‍ കോടി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്. സലീഖ, കെ.കെ. ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയവര്‍. പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.


Content Highlights: CPIM is totally changed said by kodiyeri balakrishnan

We use cookies to give you the best possible experience. Learn more