| Monday, 28th October 2024, 5:54 pm

ഉമർ ഫൈസിയുടെ നീക്കം രാഷ്ട്രീയ പ്രേരിതം, ലീഗ് പ്രവർത്തകർ ഇനിയും നോക്കിനിൽക്കില്ല: പി.എം.എ സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെയുള്ള സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ വിമർശനത്തിനെതിരെ രൂക്ഷ മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഉമർ ഫൈസിയുടെ പ്രസ്താവനക്ക് സമസ്തയിൽ തന്നെ വലിയ വിമർശനം ഉണ്ടായിരിക്കുകയായണ്. അതിനെതിരെ രൂക്ഷമായ ഭാഷയിൽ ലീഗിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.

ഉമർ ഫൈസി മുക്കത്തിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമർ ഫൈസി നടത്തിയത് അപഹാസ്യപരമായ പ്രസ്താവനയാണെന്നും ലീഗിനെ തകർക്കാൻ പല രാഷ്ട്രീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും അതിനെ ശക്തിയുക്തമായി പാർട്ടി പ്രവർത്തകർ നേരിടുമെന്നും പി.എം.എ സലാം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമസ്തയിലെ വിഷയം ചർച്ചയാക്കണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമർ ഫൈസി മുക്കത്തിന് പിന്നിൽ സി.പി.ഐ.എമ്മാണെന്നും പി.എം.എ സലാം പറഞ്ഞു.

അതേസമയം സാദിഖ് അലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി ചോദ്യം ചെയ്തത് ശെരിയായില്ലെന്നും അദ്ദേഹം സ്ഥാനം മറന്ന് പ്രവർത്തിക്കുന്നെന്നും ഈ രീതി തുടർന്നാൽ അദ്ദേഹത്തെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വം നിർബന്ധിതരാകുമെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. ‘

‘ ഉമര്‍ ഫൈസിക്ക് തന്റെ പരാമർശം തിരുത്തേണ്ടി വരുമെന്നും നാട്ടില്‍ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാന്‍ ശ്രമിച്ചാല്‍, അങ്ങനെ ശ്രമിക്കുന്നവര്‍ ചെറുതാകുന്നതാണ്. ഖാസി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉമര്‍ ഫൈസി അത് സംഘടനയില്‍ പറയണം. പൊതുയോഗം വിളിച്ചു പറയുന്നത് കൈവിട്ട കളിയാണ്.

ഈ രീതിയില്‍ തുടര്‍ന്നാല്‍ അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കാന്‍ നിര്‍ബന്ധിക്കപ്പെടും,’ അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഷാവറ വിളിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.

സാദിഖ് അലി ശിഹാബ് തങ്ങളുടെ ഖാസി പദവിയെ വരെ ചോദ്യം ചെയ്യുന്ന പരസ്യമായ വിമർശനമാണ് ഉമർ ഫൈസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെയും പാണക്കാട് ഖാസി ഫൗണ്ടേഷനെതിരെയും പേരുപറയാതെ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. സി.ഐ.സി വിഷയത്തിൽ സമസ്തയെ അവഗണിച്ചെന്നും സഹകരിച്ച് പോകുന്നതാണ് പാർട്ടിക്ക് നല്ലതെന്നും മുസ്‌ലിം ലീഗിനെ പേരുപറയാതെ അദ്ദേഹം വിമർശിച്ചിരുന്നു.

മലപ്പുറം എടവണ്ണപ്പാറയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സാദിഖ് അലി ശിഹാബ് തങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവരം വേണമെന്നും എന്നാൽ അദ്ദേഹത്തിന് അതില്ലെന്നും അങ്ങനെ ഉണ്ടെന്ന് അവരും അവകാശപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ രസം എന്നും അദ്ദേഹം പറഞ്ഞു.

‘സാദിഖ് അലി ശിഹാബ് തങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവരം അദ്ദേഹത്തിന് വേണം. അങ്ങനെ ഉണ്ടെന്ന് അവരും അവകാശപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ രസം. അങ്ങനെ അദ്ദേഹം കിതാബ് ഓതിയ ആൾ അല്ല. വിവരമില്ലായ്മയാണ് പ്രശ്നം,’ അദ്ദേഹം പറഞ്ഞു.

പരിഹരിച്ച് മുന്നോട്ട് പോകാൻ തയ്യാറായില്ലെങ്കിൽ പലതും പുറത്ത് പറയുമെന്നും ആയുധങ്ങൾ കയ്യിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Content Highlight: CPIM is behind Umar Faizi, said by pma salam

We use cookies to give you the best possible experience. Learn more