തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രിയിലേക്ക് ക്ഷണിച്ച് സി.പി.ഐ.എം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് നാളെ കണ്ണൂരില്‍ എത്തുന്നുണ്ട്.
ഇതിനെ പരിഹസിച്ചാണ് സി.പി.ഐ.എമ്മിന്റെ ഔദ്യേഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ യോഗിയെ ക്ഷണിച്ചുള്ള ട്വീറ്റ് വന്നിരിക്കുന്നത്. ആശുപത്രികള്‍ എങ്ങനെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതെന്ന് നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ ഞങ്ങള്‍ യു.പി മുഖ്യമന്ത്രി യോഗിയെ കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നു എന്നാണ് ട്വീറ്റ്.
അടുത്തിടെ യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ നൂറിലേറെ പിഞ്ചുകുട്ടികള്‍ മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സി.പി.ഐ.എമ്മിന്റെ ക്ഷണം. നേരത്തെ ജാഥയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന അമിത് ഷാ, കേരളം ദേശവിരുദ്ധശക്തികളുടെ നാടാണെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന തെളിയിക്കാമോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചിരുന്നു.