2023 സെപ്തംബര്‍ 29ന് മദ്രാസ് ഹൈക്കോടതി വാച്ചാത്തി കൂട്ട ബലാത്സംഗ കേസില്‍ വിധി പുറപ്പെടുവിച്ചു. ജീവിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 215 പ്രതികളും കുറ്റക്കാരെന്നു വിധി ഉയര്‍ത്തി പിടിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നടുക്കുന്ന ഭരണകൂട വേട്ടയാടല്‍ ആയിരുന്നു വച്ചാത്തി കേസ്
വെട്രിമാരാന്‍ സംവിധാനം ചെയ്ത ‘വിടുതലൈ’ വാചാതി കേസിനെ ആസ്പദമാക്കിയ സിനിമയാണ്.
തമിഴ്‌നാട്ടില്‍ ധര്‍മപുരി ജില്ലയില്‍ സിതേരി മലയുടെ താഴ്വരയിലെ ദളിത് ആദിവാസി വിഭാഗങ്ങള്‍ താമസിച്ചിരുന്ന ഗ്രാമമാണ് വച്ചാത്തി. 1992 ല്‍ വീരപ്പന്റെ ചന്ദന മരങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാരോപിച്ചു 269 ഓളം വരുന്ന ഉദ്യോഗസ്ഥര്‍ വച്ചാത്തിയില്‍ കടന്നു കയറി 154 ആദിവാസി വീടുകള്‍ കത്തിച്ചു. 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു. നൂറുകണക്കിനാളുകളെ മര്‍ദിച്ചു അവശരാക്കി. വളര്‍ത്തു മൃഗങ്ങളെ ചുട്ടു തിന്നു. രണ്ട് ദിവസത്തോളം ഈ ഉദ്യോഗസ്ഥര്‍ അവിടെ ആക്രമണം അഴിച്ചു വിട്ടു. എല്ലാത്തിനുമൊടുവില്‍ 133 പേരെ കേസ് എടുത്തു ജയിലില്‍ അടച്ചു. ജീവനും കൊണ്ട് രക്ഷപെടാന്‍ കഴിഞ്ഞ ചിലര്‍ സീതേരിക്കുന്നിലെ കാട്ടിലേക്ക് ഓടി ഒളിച്ചു.
13 ദിവസങ്ങള്‍ക്കു ശേഷം ഇവരില്‍ ചിലര്‍ തമിഴ്‌നാട് ട്രൈബല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആയ സഖാക്കളെ കണ്ടു. വിവരം അറിഞ്ഞ മുറയ്ക്ക് ധര്‍മപുരിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ സഖാവ് ബാഷ ജോണ്‍, സഖാവ് കൃഷ്ണമൂര്‍ത്തി, സഖാവ് ദില്ലിബാബുവു, സഖാവ് എം. അണ്ണാമലൈ (മുന്‍ എം.എല്‍.എ,) പി. ഷണ്‍മുഖം (നിലവില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം) എന്നിവര്‍ വാച്ചാത്തി സന്ദര്‍ശിച്ചു.
ഭയത്തില്‍ നടുങ്ങി ജീവിച്ചിരുന്ന ഗ്രാമവാസികള്‍ കുന്നുകളില്‍ നിന്ന് താഴേക്ക് വരുവാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ചെങ്കൊടി വീശിയാണ് അവരുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടന്ന കൊടിയ ക്രൂരത അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു.
അടുത്ത ദിവസം തന്നെ സേലം സെന്‍ട്രല്‍ ജയിലില്‍ അടക്കപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ സഖാക്കള്‍ സന്ദര്‍ശിച്ചു. അവരെ പുറത്തിറക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. സംഭവത്തെ പരിപൂര്‍ണമായും അവഗണിച്ച എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ പാര്‍ട്ടി നടത്തിയ നിരവധി പ്രതിഷേധ സമരങ്ങള്‍ക്ക് ശേഷം കളക്ടര്‍ അന്വേഷണ ഉത്തരവിട്ടു.
അന്വേഷണ ഉത്തരവ് പൂര്‍ണമായും ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായിരുന്നു. ബലാത്സംഗം നടന്നിട്ടില്ല എന്നത് ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വന്നു.
തുടര്‍ന്ന് പൊലീസ് അവിടത്തെ പാര്‍ട്ടി പ്രവര്‍ത്തകരെയും ആദിവാസികളെയും ഭീഷണിപ്പെടുത്തി. അന്നത്തെ മുഖ്യമന്ത്രി ജയലളിതയും വിഷയത്തില്‍ മുഖം തിരിഞ്ഞു നിന്നു. തുടര്‍ന്ന് അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും എം.പിയും ആയിരുന്ന സഖാവ് നല്ലശിവം മദ്രാസ് ഹൈക്കോടതിയില്‍ പൊതു താല്‍പര്യഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ കോടതി ഈ സംഭവം വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞു കളക്ടര്‍ റിപ്പോര്‍ട്ടിന് അനുകൂലമായി ഹര്‍ജി തള്ളി.
തുടര്‍ന്ന് സഖാവ് സുപ്രീം കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കി. സുപ്രീം കോടതി കേസ് എടുക്കാന്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ മഹിളാ അസോസിയേഷനും , സി.ഐ.ടി.യുവും ഡി.വൈ.എ.ഫ്.ഐയും സമരത്തിന്റെ ഭാഗം ആയി കേസില്‍ കക്ഷി ചേര്‍ന്നു. ജയില്‍ മോചിതരായ ഗ്രാമവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം ഉറപ്പു വരുത്തി. കേസ് നടത്താന്‍ ഉള്ള തുക ഹൊസൂരിലെ അശ്ശോക് ലെയ്‌ലാന്‍ഡ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളി സഖാക്കള്‍ നല്‍കി.
കീഴ്വെണ്മണി കൂട്ടക്കൊല പൊതുജനസമക്ഷമെത്തിച്ച, സിഐടിയു നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപക നേതാവും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സഖാവ് മൈഥിലി ശിവരാമന്‍ പാര്‍ടി നിര്‍ദേശപ്രകാരം വാച്ചാത്തിയില്‍ താമസിക്കുകയും ഓരോരുത്തരെയും നേരില്‍ക്കണ്ട് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
ഈ തെളിവുകളെല്ലാം തന്നെ ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് സമര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സഖാവ് പി.ഷണ്മുഖം അന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തി. സഖാവ് മൈഥിലി ശേഖരിച്ച തെളിവുകളുടെയും സഖാവ് നല്ലശിവത്തിന്റെ റിട്ട് പെറ്റീഷന്റെയും അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
വര്ഷങ്ങള്ക്കു ശേഷം 2011 സെപ്തംബര്‍ 29ന് വിചാരണക്കോടതി വിധി വന്നു. പ്രതികളില്‍ 4 ഐ.എഫ്.എസ് ഓഫീസേഴ്സ്. വനംവകുപ്പിലെ 126 പേര്‍, പൊലീസിലെ 84, റവന്യൂ വകുപ്പിലെ 5 ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശിക്ഷിക്കപ്പെട്ടു. ഇന്ന് (29/09/2023) ഉച്ചയ്ക്ക് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ ഹൈകോടതി വീണ്ടും തള്ളി. ഭരണകൂട വേട്ടയാടലിന്റെയും രാഷ്ട്രീയ ചെറുത്ത് നില്പിന്റെയും, മൂന്നു പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിന്റെയും കഥയാണ് വച്ചാത്തി കേസ്.
content highlights: CPIM intervention in vachathi case