| Friday, 20th May 2016, 5:09 pm

കെ.കെ രമയെ അപമാനിച്ചുള്ള സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: കോഴിക്കോട് വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ രമയെ അപമാനിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം വിവാദമാകുന്നു. വടകര പഴയ ബസ്റ്റാന്റ് പരിസരത്ത് ചുവന്ന നൈറ്റി ധരിച്ച് രമയുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന സി.പി.ഐ.എം പ്രവര്‍ത്തകന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചെങ്കൊടിയേന്തിയും തലയില്‍ ചുവപ്പ് റിബണ്‍ കെട്ടിയും ആഹ്ലാദപ്രകടനം നടത്തുന്ന സി.പി.ഐ.എം പ്രവര്‍ത്തകരും ചിത്രത്തിലുണ്ട്.

പൊതുസ്ഥലത്ത് നടന്ന പ്രകടനത്തിലാണ് സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം. ആഹ്ലാദ പ്രകടനത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇടത് അനുഭാവികള്‍ക്കിടയില്‍ പോലും ഈ പ്രവൃത്തി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നൂറോളം സി.പി.ഐ.എം പ്രവര്‍ത്തകര്‍ പങ്കെടുത്ത ആഹ്‌ളാദ പ്രകടനത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. കൂടാതെ ആഹ്‌ളാദ പൂര്‍വം ഇതിന്റെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി ഉമ്മവെച്ചും ലൈംഗിക ചേഷ്ടകള്‍ കാട്ടിയും മുസ്‌ലിം ലീഗ് നടത്തിയ വിജയാഘോഷം നേരത്തെ വന്‍ വിവാദമായിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.കെ നാണുവാണ് വടകരയില്‍ വിജയിച്ചത്. 49211 വോട്ടുകള്‍ക്കായിരുന്നു നാണുവിന്റെ ജയം. സ്വതന്ത്രയായി മത്സരിച്ച കെ കെ രമ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 20504 വോട്ടുകളാണ് രമയ്ക്ക് കിട്ടിയത്.


Read: വനിതാ സ്ഥാനാര്‍ത്ഥിയെ ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി അവഹേളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ വടകരയില്‍ പരക്കെ അക്രമം നടന്നിരുന്നു. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വള്ളിക്കാട്ടെ രക്തസാക്ഷി സ്തൂപത്തിനു മുകളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. കെ.കെ രമയുടെ വടകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു നേരെയും ആക്രമണം നടന്നിട്ടുണ്ട്. തയ്യില്‍ സ്ഥാപിച്ചിരുന്ന രക്തസാക്ഷി കൂടീരം തകര്‍ത്തു. കക്കാട് ആര്‍.എം.പി ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വീടുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.

We use cookies to give you the best possible experience. Learn more