| Saturday, 10th July 2021, 2:51 pm

ജി. സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സി.പി.ഐ.എം.; എളമരം കരീം ഉള്‍പ്പെട്ട രണ്ടംഗ കമ്മീഷന് അന്വേഷണ ചുമതല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍ മന്ത്രിയും സി.പി.ഐ.എം. നേതാവുമായ ജി. സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. കെ.ജെ. തോമസും എളമരം കരീമും ഉള്‍പ്പെട്ട രണ്ടംഗ കമ്മീഷനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

സി.പി.ഐ.എം. സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്.

പാലാ, കല്‍പ്പറ്റ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വികളിലും വിശദമായ അന്വേഷണം നടത്തും. വയനാട്, കോട്ടയം എന്നിങ്ങനെ ജില്ലാ തലത്തിലാകും പരിശോധന നടത്തുക.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു സി.പി.ഐ.എം. സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജി. സുധാകരന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ജാഗ്രതയുണ്ടായിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരന് നേരെ നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നാണ് വിമര്‍ശനം. തോമസ് ഐസക് സജീവമായപ്പോള്‍ ജി.സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്. ജി. സുധാകരന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം.

അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി ആയിരുന്ന എച്ച്. സലാം ഉള്‍പ്പെടെയായിരുന്നു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. എല്ലാം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്നും യോഗത്തിന് നേതൃത്വം നല്‍കിയിരുന്ന പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയതാണ് അമ്പലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍. ജി. സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM inquiry against G Sudhakaran in Ambalappuzha election work

We use cookies to give you the best possible experience. Learn more