മൂന്നാര്‍ ദൗത്യം യു.ഡി.എഫ് അട്ടിമറിച്ചിട്ടും വി.എസ് എത്തിയില്ല; വി.എസിനെതിരെ വിമര്‍ശനങ്ങളുമായി സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി
Kerala
മൂന്നാര്‍ ദൗത്യം യു.ഡി.എഫ് അട്ടിമറിച്ചിട്ടും വി.എസ് എത്തിയില്ല; വി.എസിനെതിരെ വിമര്‍ശനങ്ങളുമായി സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2017, 5:36 pm

 

മൂന്നാര്‍: മൂന്നാര്‍ വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും സബ്കളക്ടര്‍ ശ്രീറാമിനുമെതിരെ വിമര്‍ശനങ്ങളുമായി സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍. മൂന്നാര്‍ ദൗത്യം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിട്ടും അച്യുതാനന്ദന്‍ മൂന്നാറില്‍ വന്നില്ലെന്ന് ജയചന്ദ്രന്‍ കുറ്റപ്പെടുത്തി.


Also read ‘ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല’; മംഗളം ചാനലില്‍ നിന്ന് രാജി വെച്ചതായി മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് 


ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജനാധിപത്യ വിരുദ്ധമായ നടപടികളാണ് കയ്യേറ്റ വിഷയത്തില്‍സ്വീകരിക്കുന്നതെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ ജയചന്ദ്രന്‍ എം.എല്‍.എക്കെതിരായ റിപ്പോര്‍ട്ട് യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തേതാണെന്നും പറഞ്ഞു.
വിഎസ് പ്രായമായ ആളല്ലേ രണ്ടു വര്‍ത്തമാനം പറഞ്ഞിട്ട് പോകട്ടെയെന്നു പറഞ്ഞ ജയചന്ദ്രന്‍ അദ്ദേഹം തുടങ്ങിവെച്ച ദൗത്യം യു.ഡി.എഫ് അട്ടിമറിച്ചപ്പോള്‍ അക്കാര്യം ഗൗനിക്കാതിരുന്നതും അന്ന് മൂന്നാറില്‍ എത്താതിരുന്നതും ശരിയായില്ലെന്നും കുറ്റപ്പെടുത്തി.

മൂന്നാര്‍ ടൗണിലെ ഇക്കാനഗറിലുള്ള രാജേന്ദ്രന്റെ വീട് വൈദ്യുതി ബോര്‍ഡിന്റെയും പൊതുമരാമത്ത് വൈകുപ്പിന്റെയും സ്ഥലത്ത് പത്തേക്കര്‍ ഭൂമി കയ്യേറിയെ നിര്‍മ്മിച്ചതാണെന്ന ആരോപണമായിരുന്നു ഉയര്‍ന്നിരുന്നത്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ വില്ലേജിലെ സര്‍വെനമ്പര്‍ 62-9 പ്രകാരമുള്ള ഈ സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്കിലാണെന്നും ഇവിടെ ആര്‍ക്കും പട്ടയം നല്‍കിയിട്ടില്ലെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ എട്ടുസെന്റ് ഭൂമി തനിക്കുണ്ടെന്നും അതിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നുമാണ് രാജേന്ദ്രന്‍ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.