| Wednesday, 9th March 2022, 9:33 am

സി.പി.ഐ.എമ്മിന്റെ ഭിക്ഷയാണ് കെ. സുധാകരന്റെ ജീവിതം; നികൃഷ്ട ജീവിയെ കൊല്ലാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല: കെ. സുധാകരനെതിരെ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ പ്രകോപനപരമായ പ്രസംഗവുമായി സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. കെ. സുധാകരന്റെ ജീവന്‍ സി.പി.ഐ.എമ്മിന്റെ ഭിക്ഷയാണെന്ന് സി.വി. വര്‍ഗീസ് പറഞ്ഞു. ഇടുക്കി ചെറുതോണിയില്‍ സംഘടിപ്പിച്ച സി.പി.ഐ.എം പൊതുയോഗത്തിലാണ് സി.വി. വര്‍ഗീസിന്റെ പ്രസംഗമുണ്ടായത്.

‘സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോണ്‍ഗ്രസുകാരന്‍ പറയുന്നതെന്താ, കണ്ണൂരില്‍ ഏതാണ്ട് വലിയത് നടത്തി. ഇടുക്കിയിലെ കോണ്‍ഗ്രസുകാര നിങ്ങള്‍ കരുതിക്കോ, സുധാകരനെന്ന ഭിക്ഷാംദേഹിക്ക് ഞങ്ങള്‍ സി.പി.ഐ.എം കൊടുക്കുന്ന ഭിക്ഷയാണ് സുധാകരന്റെ ജീവിതം.

ഒരു നികൃഷ്ട ജീവിയ കൊല്ലാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ്. ഭിക്ഷയാണ് ഈ ജീവിതമെന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുത്. ഇടുക്കിയില്‍ വന്ന് നാറികളെ കൂട്ടുപിടിച്ച് സുധാകരന്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്.

ധീരജിനെ കുത്തികൊലപ്പെടുത്തിയ പ്രതിക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടതെന്ന് സി.പി.ഐ.എം തീരുമാനിക്കും,’ സി.വി. വര്‍ഗീസ് പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തികൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി അല്ലെന്ന് കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

നിഖില്‍ പൈലി ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ്. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍  കെ. സുധാകരന്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കെ. സുധാകരന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ചെറുതോണിയില്‍ സി.പി.ഐ.എം യോഗം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Content Highlights: CPIM Idukki District Secretary’s hate speech against K Sudhakaran

We use cookies to give you the best possible experience. Learn more