ബംഗാളില്‍ സി.പി.ഐ.എം പിളര്‍പ്പിലേക്കോ?
Daily News
ബംഗാളില്‍ സി.പി.ഐ.എം പിളര്‍പ്പിലേക്കോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th May 2014, 4:28 pm

 

[]

കൊല്‍ക്കത്ത: ചരിത്രത്തില്‍ ഇതാദ്യമായാണ് പശ്ചിംബംഗാളില്‍ പാര്‍ട്ടി കേന്ദ്രത്തിലേക്ക് അണികള്‍ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രകടനം നയിച്ചത്. കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയിലെ അലിമുദ്ധീന്‍ തെരുവിലെ പാര്‍ട്ടി കേന്ദ്രത്തിലേക്കു പാര്‍ട്ടി വിമതര്‍  പ്രകടനം നയിച്ചത്.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രാജിവെക്കണമെന്നാവശ്യപെട്ടാണ് പ്രകടനം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയമാണ് അണികളെ അസ്വസ്തരാക്കിയത്.

അതെസമയം പാര്‍ട്ടി പിളര്‍ക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്ന് പ്രകടനം നയിച്ച എം.എല്‍.എയും മുന്‍നേതാവുമായ അബ്ദുറസാഖ് മൊല്ല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.  ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ ഉയര്‍ന്നു വരുന്ന ഇടതുമുന്നേറ്റം പാര്‍ട്ടിയെ പിളര്‍ത്താന്‍ മാത്രം ശക്തമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2008 മുതലുളള എല്ലാ തിരഞ്ഞെടുപ്പുകളിലും കനത്ത പരാജയമാണ് പാര്‍ട്ടിക്കുണ്ടായത്. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ പാര്‍ട്ടി ഘടകം രാജിവെച്ച് ഒഴിയണമെന്നും റസാഖ് മൊല്ല പറഞ്ഞു. നേരത്തെ പാര്‍ട്ടി പശ്ചിംബംഗാള്‍ ഘടകം പുറത്താക്കിയ നേതാവ് സുബനില്‍ ചൗദരിയും പ്രകടനത്തില്‍ പങ്കെടുത്തു.

പാര്‍ട്ടി സഖാക്കള്‍ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാല്‍ ആക്രമിക്കപെടുകയാണ് എന്നാല്‍ ഒരു നേതാവുപോലും ആക്രമിക്കപെട്ടവരെ തിരിഞ്ഞുനോക്കിയില്ലെന്നും ചൗധരി കുറ്റപെടുത്തി.

തുടര്‍ച്ചയായ പരാജയങ്ങളുണ്ടായിട്ടും നേതൃമാറ്റം ഉണ്ടാകുന്നില്ലെന്നാണ് പ്രകടനം നയിച്ച നേതാക്കള്‍ ആരോപിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തില്‍ കാതലായമാറ്റം വരണമെന്ന് ആവശ്യപെട്ടതിനെ തുടര്‍ന്നാണ് തങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് പ്രകടനം നയിച്ച നേതാക്കള്‍ പറഞ്ഞു.

അതെസമയം പാര്‍ട്ടിനേതാക്കള്‍ക്കെതിരെ നിരന്തരം പുറത്തുളള വേദികളില്‍ വിമര്‍ശിച്ചതിനാലാണ് ഇവരെ പുറത്താക്കിയതെന്നും അതാണ് പാര്‍ട്ടി നയമെന്നും സംസ്ഥാന സെക്രട്ടറി ബിമല്‍ ബസു പ്രതികരിച്ചു. പെട്ടെന്നുളള നേതൃമാറ്റം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.