തിരുവനന്തപുരം: ഉപതെരഞ്ഞെപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവിട്ട് സി.പി.ഐ.എം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
പാലക്കാട് മണ്ഡലത്തില്‍ ഡോ. പി. സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ചേലക്കര മണ്ഡലത്തില്‍ മുന്‍ എം.എല്‍.എ യു.ആര്‍. പ്രദീപ് ജനവിധിയെ നേരിടും.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ ദേശീയ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന സത്യന്‍ മൊക്യേരിയെ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഇടതുപക്ഷം ശക്തമായ നിലപാടുകളോടെ പ്രവര്‍ത്തിക്കുമെന്നും വിജയിക്കുമെന്നതില്‍ ആത്മവിശ്വാസം ഉണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മണ്ഡലം-ജില്ലാ-സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ കൂടിയാലോചിച്ചതിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പി. സരിന്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞിരുന്നു. തുടര്‍ന്ന് സരിനെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെ സരിന്‍ ഇടതുപക്ഷത്തിന് പിന്തുണ അറിയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് പി. സരിനെ സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.
ബി.ജെ.പിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യശത്രു എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലും അങ്ങനെ തന്നെയാണ്. രാഷ്ട്രീയപരമായി ബി.ജെ.പിയുമായാണ് പാലക്കാട് മത്സരമെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
വിജയിക്കുന്നതിനായി മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് കോണ്‍ഗ്രസ്-ബി.ജെ.പി ഡീലുണ്ടെന്നും ഡീലുണ്ടാക്കിയ ഇരു പാര്‍ട്ടികളെയും ഇടതുപക്ഷം തോല്‍പ്പിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. യു.ഡി.എഫ് പാളയത്തിനുള്ളില്‍ തന്നെ സ്ഥാനാർത്ഥികൾക്കും നേതൃത്വത്തിനുമെതിരെ പടയൊരുക്കം ആരംഭിച്ചിട്ടുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Content Highlight: CPIM has officially released the list of candidates for the by-elections