ഇലക്ടറല്‍ ബോണ്ട് കേസ്; എസ്.ബി.ഐക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി സി.പി.ഐ.എമ്മും
national news
ഇലക്ടറല്‍ ബോണ്ട് കേസ്; എസ്.ബി.ഐക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി സി.പി.ഐ.എമ്മും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2024, 8:42 pm

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹര്‍ജിക്കെതിരെ സി.പി.ഐ.എമ്മും സുപ്രീം കോടതിയില്‍. തിങ്കളാഴ്ച രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി നീട്ടാനുള്ള എസ്.ബി.ഐയുടെ അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് സി.പി.ഐ.എമ്മിന്റെ ഹരജി.

എസ്.ബി.ഐക്കെതിരെ കോടതിയലക്ഷ്യ ഹരജിയാണ് സി.പി.ഐ.എം ഫയല്‍ ചെയ്തിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതിയുടെ നിര്‍ദേശം എസ്.ബി.ഐ മനഃപൂര്‍വം ലംഘിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് രാവിലെ 10.30ന് രണ്ട് ഹരജികളിലും വാദം കേള്‍ക്കും.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങള്‍ കൈമാറാന്‍ എസ്.ബി.ഐക്ക് നല്‍കിയ സമയം ശനിയാഴ്ച അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിവരങ്ങള്‍ മാര്‍ച്ച് 13ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നല്‍കണമെന്നാണ് എസ്.ബി.ഐ ഉയര്‍ത്തിയ ആവശ്യം.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാവാതിരിക്കാനാണ് എസ്.ബി.ഐ സമയം നീട്ടി ചോദിക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

Content Highlight: CPIM has filed a contempt of court petition against SBI in the Supreme Court