ദല്‍ഹി സുര്‍ജിത് ഭവനിലെ പരിപാടി സി.പി.ഐ.എം റദ്ദാക്കി
ദല്‍ഹി: ദല്‍ഹിയിലെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി പഠനകേന്ദ്രമായ സുര്‍ജിത് ഭവനില്‍ നടത്തിയിരുന്ന പരിപാടി സി.പി.ഐ.എം റദ്ദാക്കി. പരിപാടി നടത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് കാട്ടി പൊലീസ് എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. മുന്‍കൂര്‍ അനുമതിയില്ലെന്ന് പറഞ്ഞ് പൊലീസ് ഇന്നലെ പരിപാടി തടഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്നും സി.പി.ഐ.എം പരിപാടിയുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ പരിപാടികള്‍ക്ക് ദല്‍ഹി പൊലീസിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പരിപാടിക്കെതിരെ എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്.
ജി20ക്ക് ബദലായി ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വി ട്വന്റി എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആഗസ്റ്റ് 18നായിരുന്നു പരിപാടി ആരംഭിച്ചത്. എന്നാല്‍ പരിപാടിക്ക് അനുമതിയില്ലെന്ന് കാട്ടി പൊലീസ് ഇന്നലെ പരിപാടി തടയുകയായിരുന്നു. ബാരിക്കേഡ് ഉപയോഗിച്ച് സുര്‍ജിത്ത് ഭവന് മുന്‍പിലെ വഴിയും പൊലീസ് തടഞ്ഞു. ഗേറ്റുകള്‍ പൂട്ടിയ പൊലീസ് പാര്‍ട്ടി നേതാക്കളെ പുറത്തേക്ക് പോകാനോ പുറത്ത് നിന്ന് അകത്തേക്ക് കയറാനോ അനുവദിച്ചിരുന്നില്ല.
എന്നാല്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത പരിപാടി തടയുന്നതിനായാണ് പൊലീസ് ശ്രമിക്കുന്നതെന്നും സെമിനാറുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു സി.പി.ഐ.എം ഇന്നലെ അറിയിച്ചിരുന്നത്.
‘പരിപാടിക്ക് അനുമതി എടുത്തിട്ടില്ലെന്ന് മാത്രമാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് പൊലീസിന്റെ അനുമതി ആവശ്യമില്ല. പരിപാടി നിര്‍ത്താനുള്ള ഉത്തരവില്ലാതെ നിര്‍ത്തില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം മുരളീധരന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് പരിപാടിക്കെതിരെ എതിര്‍പ്പുയര്‍ത്തിയതോടെ സി.പി.ഐ.എം പരിപാടി റദ്ദാക്കുകയായിരുന്നു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ, ആക്ടിവിസ്റ്റ് മേധാ പട്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Content Highlights: CPIM has cancelled the programme at delhi’s surjeetbhavan