കീഴാറ്റൂരില്‍ പ്രതിരോധ തന്ത്രവുമായി സി.പി.ഐ.എം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാന്‍ തീരുമാനം
Keezhattur Protest
കീഴാറ്റൂരില്‍ പ്രതിരോധ തന്ത്രവുമായി സി.പി.ഐ.എം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2018, 12:40 pm

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം. സമരത്തെത്തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാന്‍ സി.പി.ഐ.എം തീരുമാനം. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനുമുന്നോടിയായി വയല്‍കിളി സമരത്തില്‍പ്പെട്ട പ്രസന്നന്‍, രജീഷ്, എം.ബാലന്‍ എന്നിവരുടെ വീട്ടില്‍ സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശനം നടത്തിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.


Also Read:  ‘രഹാനെയ്ക്കും കിട്ടി വജ്രായുധത്തെ’; പരിക്കേറ്റ ചമീരയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ തീപ്പൊരി താരം രാജസ്ഥാന്‍ റോയല്‍സില്‍


 

സമരത്തിനോട് യാതൊരു ബന്ധവും പാടില്ലെന്ന നിര്‍ദേശം നല്‍കിയതായും വെള്ളപേപ്പറില്‍ ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും വയല്‍ കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സന്തോഷ്, എം.മുകുന്ദന്‍ എന്നിവരാണ് ഇവരുടെ വീട്ടിലെത്തിയത്. എന്നാല്‍ പേപ്പറില്‍ ഒപ്പിട്ട് കൊടുത്തില്ലെന്നാണ് അറിയുന്നതെന്നും സുരേഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടി.

അതേസമയം വയല്‍ക്കിളികള്‍ തീരുമാനിച്ച ലോംഗ് മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു.


Also Read:  കോമണ്‍വെല്‍ത്തില്‍ സ്വര്‍ണ്ണക്കുതിപ്പുമായി ഇന്ത്യ; ശ്രേയസി സിംഗിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത് 12-ാം സ്വര്‍ണ്ണം


 

നേരത്തെ സി.പി.ഐ.എം നേതൃത്വത്തില്‍ നടന്ന കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് പാര്‍ട്ടി പിന്‍മാറുകയായിരുന്നു. പാര്‍ട്ടിയെ വെല്ലുവിളിച്ച് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരം ശ്രദ്ധയാകര്‍ഷിച്ചതോടെ സി.പി.ഐ.എം ബദല്‍ സമരവുമായി രംഗത്തെത്തിയിരുന്നു.