ഇന്ത്യന്‍ ഭരണഘടന വഴിയാണ് പാര്‍ലമെന്റുണ്ടായത്; ഉപരാഷ്ട്രപതിയുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ സൂചന: സീതാറാം യെച്ചൂരി
Natioal news
ഇന്ത്യന്‍ ഭരണഘടന വഴിയാണ് പാര്‍ലമെന്റുണ്ടായത്; ഉപരാഷ്ട്രപതിയുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ സൂചന: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 5:10 pm

ന്യൂദല്‍ഹി: ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തലാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യന്‍ ഭരണഘടന വഴിയാണ് പാര്‍ലമെന്റ് നിലവില്‍ വന്നതെന്നും യെച്ചൂരി പറഞ്ഞു.

നിയമനിര്‍മാണസഭകള്‍, കോടതികള്‍, എക്‌സിക്യൂട്ടീവ് എന്നീ ഘടകങ്ങള്‍ക്ക് അധികാരം ലഭിക്കുന്നത് ഭരണഘടനയില്‍ നിന്നാണ്, മറിച്ചല്ല. ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം പ്രയോഗിക്കുന്ന ഒരു സര്‍ക്കാരിനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഈ അടിസ്ഥാന ഘടനയെ തകര്‍ക്കാന്‍ കഴിയില്ല. അത്തരമൊരു സംഭവത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനാണ് അടിസ്ഥാനഘടനാ സിദ്ധാന്തം കൊണ്ടുവന്നത്. ഈ ഭരണഘടന വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബഹുമാനപ്പെട്ട ഇന്ത്യന്‍ ഉപരാഷ്ട്രപതി ഇപ്പോള്‍ അതിന്റെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്നത് ഭാവിയിലേക്കുള്ള അശുഭസൂചനയാണെന്നും യെച്ചൂരി പറഞ്ഞു.

‘നമ്മുടെ ഭരണഘടനയുടെ കേന്ദ്രബിന്ദു ഇന്ത്യയുടെ പരമാധികാരം ‘ഞങ്ങള്‍, ജനങ്ങള്‍…’ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യന്‍ ജനതയില്‍ നിക്ഷിപ്തമാക്കുന്നതാണ്. ഈ അധികാരത്തിന് പകരം വയ്ക്കാന്‍ ഒരു ഭരണസ്ഥാപനത്തിനും കഴിയില്ല.

അഞ്ച് വര്‍ഷത്തേക്ക് താല്‍ക്കാലികമായി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് ജനങ്ങള്‍ അവരുടെ പരമാധികാരം പ്രയോഗിക്കുന്നു. ജനപ്രതിനിധികള്‍ തങ്ങളുടെ ഇടയില്‍ നിന്നാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ഭരണനിര്‍വഹണ വിഭാഗം (സര്‍ക്കാര്‍) നിയമനിര്‍മാണ വിഭാഗത്തിനോടും (പാര്‍ലമെന്റ്) എം.പിമാര്‍ ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരാണ്.

ഭരണഘടനാ പദ്ധതിയുടെ ഈ ക്രമത്തില്‍ ഒരു ഘട്ടത്തിലും ജനങ്ങളുടെ പരമാധികാരം മാറ്റിസ്ഥാപിക്കാന്‍/ പകരം വയ്ക്കാന്‍ കഴിയില്ല. നമ്മുടെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ നശിപ്പിച്ച് അതിന്റെ സ്ഥാനത്ത് അസഹിഷ്ണുതയുള്ള ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുക, അവയെ ചെറുത്തുതോല്‍പ്പിക്കുക,’ യെച്ചൂരി പറഞ്ഞു.

രാജസ്ഥാനിലെ ജയ്പൂരില്‍ സഭാധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ വെച്ചായിരുന്നു സുപ്രീംകോടതി വിധിക്കെതിരായ ഉപരാഷ്ട്രപതിയുടെ വിവാദ പരാമര്‍ശം. ധന്‍കറിനെ പിന്തുണച്ച് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Content Highlight: CPIM General Secretary Sitaram Yechury said that Vice President Jagdeep Dhankar’s stand against the basic structure of the Constitution is a dangerous sign for the future