| Wednesday, 2nd March 2022, 8:30 am

പുടിന്‍ റഷ്യയെ സങ്കുചിത ദേശീയവാദത്തിലേക്ക് തള്ളിയിടുന്നു: യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശത്തെ തള്ളി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുടിന്‍ റഷ്യയെ സങ്കുചിത ദേശീയവാദത്തിലേക്ക് തള്ളിവിടുകയാണെന്നും മറ്റൊരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച് ഒരു രാജ്യത്തിനും സ്വന്തം സുരക്ഷിതത്വം ശക്തിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് വെച്ച് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇപ്പോള്‍ ഉടലെടുത്ത പ്രതിസന്ധിക്കുള്ള പരിഹാരം ഉക്രൈനുമേലുള്ള അധിനിവേശമല്ലെന്നും യുദ്ധം/ അധിനിവേശം ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

യു.എസ്.എസ്.ആര്‍ ഇല്ലാതായപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വം മിഖായേല്‍ ഗോര്‍ബച്ചേവിന് നല്‍കിയ വാക്ക് പാലിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഉക്രൈന്‍ ഒഴികെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കി. ഒരു ലക്ഷത്തിലേറെയുള്ള നാറ്റോ സൈന്യം റഷ്യയുടെ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്.

മിഖായേല്‍ ഗോര്‍ബച്ചേവ്

ലെനിന്‍ ഉക്രൈനിന് സ്വതന്ത്രപദവി നല്‍കിയിരുന്നില്ലായിരുന്നുവെങ്കില്‍ ഉക്രൈന്‍ ഇപ്പോഴും റഷ്യയുടെ ഭാഗമാവുമെന്നാണ് പുടിന്റെ വാദം. ഇത് വളരെ പ്രത്യാഘാതമുണ്ടാക്കുന്നതാണ്, യെച്ചൂരി പറഞ്ഞു.

അതേസമയം, റഷ്യയെ തള്ളുമ്പോഴും ചൈനയെ ചേര്‍ത്തുനിര്‍ത്തുന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്.

‘ചൈന ഇന്ന് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിക്കഴിഞ്ഞു. നേരത്തെ ചൈനയെ മെരുക്കാനായിരുന്നു ശ്രമം. മെരുക്കി ഒറ്റപ്പെടുത്തുക എന്ന തന്ത്രമായിരുന്നു അന്ന് ചൈനയ്‌ക്കെതിരെ കൈക്കൊണ്ടത്. അതിനായി അമേരിക്ക അവരുടെ എല്ലാ കൂട്ടാളികളെയും ഒരുമിച്ച് അണിനിരത്തുകയാണ് ചെയ്തത്.

ഇത്തരം നടപടികളിലൂടെ തങ്ങളുടെ അധീശത്വത്തിനെതിരായ വെല്ലുവിളികളെ നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ഈ നടപടി അന്താരാഷ്ട്ര തലങ്ങളില്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും,’ യെച്ചൂരി പറയുന്നു.

ഗള്‍ഫ് യുദ്ധത്തിലും ലിബിയയിലെ പ്രതിസന്ധി ഘട്ടത്തിലും ആളുകളെ ഒഴിപ്പിച്ചും തിരികെയെത്തിച്ചും ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന് പരിചയമുള്ളതാണെന്നും, എന്നാല്‍ ഇപ്പോള്‍ അത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും, അതിന് വേണ്ട സംവിധാനങ്ങള്‍ ഇല്ലാതായെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ഉക്രൈന്‍ പ്രതിസന്ധിയില്‍ ആളുകളെ തിരികെ എത്തിച്ച് ഫോട്ടോ സെഷന്‍ നടത്തുക മാത്രമാണ് കേന്ദ്രമന്ത്രിമാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, ഉക്രൈനില്‍ പ്രതിസന്ധികള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉക്രൈനിലെ പ്രധാന നഗരമായ കാര്‍കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീനാണ് കൊല്ലപ്പെട്ടത്.

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.


Content Highlight: CPIM General Secretary Sitaram Yechuri against Russia invasion on Ukraine

We use cookies to give you the best possible experience. Learn more