കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പരാതി. സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ബീച്ചില്‍ നടന്ന പൊതുസമ്മേളനത്തിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ചത്.
പൊതുയോഗങ്ങള്‍ ഒഴിവാക്കണമെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ശാരീരിക അകലം പാലിക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശവും പാലിക്കപ്പെട്ടില്ല.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തില്‍ ബീച്ച് കേന്ദ്രീകരിച്ച് റാലിയുണ്ടായിരിക്കില്ലെന്ന് സി.പി.ഐ.എം നേതൃത്വം നേരത്തെ അറിയിച്ചതാണ്.
ഓണ്‍ലൈന്‍ വഴി എല്ലാവര്‍ക്കും അവരവരുടെ വീടുകളിലിരുന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ആരും നേരിട്ട് ബീച്ചിലേക്ക് എത്തേണ്ടെന്നും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, മൂവായിരത്തോളം കേസരകള്‍ പ്രസംഗവേദിയിലിട്ടിരുന്നു. പ്രത്യേകം ഒരുക്കിയ ബസുകളിലും മറ്റുമാണ് പ്രവര്‍ത്തകര്‍ ബീച്ചിലേക്കെത്തിയത്.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വേദിയിലാണ് മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. എന്നാല്‍ അതേ വേദിയില്‍ മുഖ്യമന്ത്രി ലീഗിനെതിരെ മൗനം പാലിച്ചു.
എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.