യു.പി.എ സര്‍ക്കാരുകളിലെ മന്ത്രി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്; പക്ഷെ ജയ്പാല്‍ റെഡ്ഡിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും ഒന്ന്, രണ്ട് യു.പി.എ സര്‍ക്കാരുകളിലെ മന്ത്രിയുമായിരുന്ന എസ്. ജയ്പാല്‍ റെഡ്ഡിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ജയ്പാല്‍ റെഡ്ഡിയുടെ സ്വദേശമായ മദ്ഗുല്‍ ഗ്രാമത്തില്‍ നിര്‍മിച്ച പ്രതിമ നാടിന് സമര്‍പ്പിക്കാന്‍ ജയ്പാല്‍ റെഡ്ഡിയുടെ കുടുംബം സീതാറാം യെച്ചൂരിയെ നേരിട്ട് തന്നെ വിളിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു പ്രതിമാ അനാച്ഛാദന ചടങ്ങ് നടന്നത്.

സീതാറാം യെച്ചൂരി മുഖ്യാതിഥിയായ ചടങ്ങില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയായിരുന്നു സ്‌പെഷ്യല്‍ ഗസ്റ്റായി പങ്കെടുത്തത്. പ്രതിമാ അനാച്ഛാദന ചടങ്ങിന് പിന്നാലെ നടന്ന പൊതുയോഗത്തില്‍ തെലങ്കാനയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു.

എന്നാല്‍ നിലവിലെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളെയടക്കം മാറ്റി നിര്‍ത്തിക്കൊണ്ടാണ് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സി.പി.ഐ.എം നേതാവിനെ റെഡ്ഡിയുടെ കുടുംബം ക്ഷണിച്ചത് എന്നതും ശ്രദ്ധേയമാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോണ്‍ഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന സമയത്ത് കൂടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിലെ മുന്‍ മന്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സി.പി.ഐ.എം നേതാവ് എത്തിയിരിക്കുന്നത്. മാത്രമല്ല നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തെലങ്കാനയുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലാണ് പര്യടനം നടത്തുന്നത്.

കോണ്‍ഗ്രസിന് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജയ്പാല്‍ റെഡ്ഡിയോട് പക്ഷെ പാര്‍ട്ടി വേണ്ടത്ര നീതിപുലര്‍ത്തിയില്ലെന്ന പരാതി നേരത്തെ തന്നെ അദ്ദേഹത്തിന്റെ കുടുംബം ഉന്നയിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ അദ്ദേഹത്തിന്റെ പ്രതിമാ അനാച്ഛാദന പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് വിലയിരുത്തലുകള്‍.

”റെഡ്ഡിയെ പോലെ ജനാധിപത്യ മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാക്കള്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയാണ്,” എന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ സീതാറാം യെച്ചൂരി പറഞ്ഞു. ജയ്പാല്‍ റെഡ്ഡിയുമായി വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍, മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യക്ക് വലിയ നഷ്ടമാണെന്നും സീതാറാം യെച്ചൂരി തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

”നല്ല ജനാധിപത്യ മൂല്യങ്ങളുള്ള വ്യക്തിയായിരുന്നു ജയ്പാല്‍ റെഡ്ഡി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ രാഷ്ട്രീയത്തില്‍ ആ മൂല്യങ്ങള്‍ അധഃപതിക്കുകയാണ്. ജനാധിപത്യത്തിന്റെ നാല് ശക്തമായ തൂണുകള്‍ ഇന്ന് ആക്രമിക്കപ്പെടുകയാണ്,” എന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പറഞ്ഞു.

തത്വാധിഷ്ഠിത ബോധ്യമുള്ള, സത്യസന്ധനായ രാഷ്ട്രീയക്കാരനായിരുന്നു ജയ്പാല്‍ റെഡ്ഡിയെന്നും രാഷ്ട്രീയമെന്നാല്‍ പണമുണ്ടാക്കുന്ന സംവിധാനമായല്ല മറിച്ച് സേവനമായാണ് അദ്ദേഹം കണ്ടിരുന്നതെന്നും സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയും ചടങ്ങില്‍ അനുസ്മരിച്ചു.

തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി എം.പിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹൈദരാബാദ് മെട്രോ റെയിലിന് ജയ്പാല്‍ റെഡ്ഡിയുടെ പേരിടണമെന്ന ഒരാവശ്യവും ചടങ്ങിനിടെ രേവന്ത് റെഡ്ഡി മുന്നോട്ട് വെച്ചിട്ടുണ്ട്.

അഞ്ച് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവും നാല് തവണ എം.എല്‍.എയുമായിരുന്ന നേതാവാണ് ജയ്പാല്‍ റെഡ്ഡി. ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ട് ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു.

1998ലെ ഐ.കെ. ഗുജ്‌റാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഡി, പിന്നീട് 1999ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നതിന് ശേഷം ഒന്നാം യു.പി.എ സര്‍ക്കാരില്‍ നഗരവികസനം, സാംസ്‌കാരികം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. രണ്ടാം യു.പി.എ സര്‍ക്കാരില്‍ പെട്രോളിയം, ശാസ്ത്ര സാങ്കേതികം വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

മന്‍മോഹന്‍സിങ് സര്‍ക്കാരില്‍, 2012 ഒക്ടോബര്‍ മുതല്‍ 2014 മേയ് വരെയും അദ്ദേഹം മന്ത്രിയായിരുന്നു.

50 വര്‍ഷത്തോളമായിരുന്നു ജയ്പാല്‍ റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സ്ഥാനത്തിരുന്നത്.

ജനപ്രതിനിധിയായിരിക്കെ പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ നല്‍കിയ സംഭാവനകളുടെ പേരില്‍ 1998ല്‍ അദ്ദേഹത്തിന് ‘ദ ഔട്ട്സ്റ്റാന്റിങ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡും’ ലഭിച്ചിട്ടുണ്ട്. 2019 ജൂലൈ 28നായിരുന്നു അദ്ദേഹം അന്തരിച്ചത്.

Content Highlight: CPIM Gen secretary Sitaram Yechury unveiled former congress leader S Jaipal Reddy’s statue in Telangana