അലനും താഹയ്ക്കും വേണ്ടി ഹാജരാവുന്നത് സി.പി.ഐ.എം പാര്‍ട്ടി വക്കീല്‍; ഫീസും നല്‍കുക പാര്‍ട്ടി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചാര്‍ത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളും സി.പി.ഐ.എം അംഗങ്ങളുമായ അലന്‍, താഹ എന്നിവര്‍ക്ക് വേണ്ടി ഹാജരാവുന്നത് സി.പി.ഐ.എം ബന്ധമുള്ള അഭിഭാഷകന്‍ . ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ: എം.കെ ദിനേശാണ് കോടതിയില്‍ ഹാജരായത്.
അഭിഭാഷകന്റെ ഫീസും സി.പി.ഐ.എം തന്നെ നല്‍കും. പാര്‍ട്ടി നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുകുടുംബങ്ങള്‍ക്കും നേതാക്കള്‍ സന്ദേശം നല്‍കിയിട്ടുണ്ട്.
യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും ഈ വകുപ്പുകള്‍ നീക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വാദിക്കുമ്പോഴും സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ കുടുംബങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ട്.
പ്രതികള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷ ഉപയോഗിച്ചെന്നും ഇരുവരും മാവോയിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തതിന് തെളിവുണ്ടെന്നും ഇത് വ്യക്തമാക്കുന്ന മിനുട്സുകള്‍ ലഭിച്ചെന്നും പൊലീസ് നേരത്തെവ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സായുധപോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങള്‍ ഇവരുടെ പക്കലില്‍ നിന്നും ലഭിച്ചെന്നും യു.എ.പി.എ കേസില്‍ നേരത്തെ ഉള്‍പ്പെട്ടവരോടൊത്തുള്ള ചിത്രങ്ങളും ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചിട്ടണ്ടെന്നും പൊലീസ് പറഞ്ഞു.
ഇത് കൂടാതെ മാവോയിസ്റ്റ് അംഗങ്ങളുമായുള്ള ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും ഈ കോഡ് ഭാഷ അടങ്ങിയിട്ടുള്ള നോട്ട് ബുക്കുകള്‍ താഹയുടെ വീട്ടില്‍ നിന്നും കിട്ടിയെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.