ഓഖി; സഹായവുമായി സി.പി.ഐ.എം
Daily News
ഓഖി; സഹായവുമായി സി.പി.ഐ.എം
എഡിറ്റര്‍
Saturday, 9th December 2017, 2:30 am

 

തിരുവനന്തപുരം: സംസ്ഥാനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സി.പി.ഐ.എം രംഗത്ത്. ദുരന്തബാധിതരെ സഹായിക്കാന്‍ സി.പി.ഐ.എം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നവംബര്‍ അവസാന ആഴ്ചയിലുണ്ടായ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ ഫലമായി ഇതിനകം 39 പേര്‍ മരിച്ചതായും, കടലില്‍ പോയ നിരവധി പേര്‍ തിരിച്ചെത്താത്തതുമായ റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുബാംഗങ്ങളെ സഹായിക്കാനും, തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും, അപകടത്തില്‍പ്പെട്ടവരേയും സഹായിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read:മധ്യപ്രദേശില്‍ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി


തീരദേശത്തിന്റെ സുരക്ഷിതത്തിനാവശ്യമായ മറ്റു നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഫണ്ട് സമാഹരിക്കാനുള്ള സി.പി.ഐ.എം തീരുമാനം.

പാര്‍ടി മെമ്പര്‍മാരും വര്‍ഗ്ഗബഹുജന സംഘടന അംഗങ്ങളും കഴിവിന്റെ പരമാവധി തുക സംഭാവനയായി നല്‍കണമെന്നും ഓരോ പാര്‍ടി ഘടകങ്ങളും ഇതിനായി പ്രത്യേകം യോഗം ചേര്‍ന്ന് ഓരോരുത്തരും നല്‍കുന്ന സംഭാവന എത്രയാണെന്ന് തീരുമാനിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡിസംബര്‍ 21 ന് ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ഓരോ ഘടകവും പിരിച്ചെടുത്ത തുക ഇതിനായി രൂപീകരിക്കുന്ന ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കേണ്ടതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.