| Tuesday, 6th April 2021, 1:17 pm

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ സി.പി.ഐ.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മന്ത്രി എ.കെ ബാലനാണ് പരാതി നല്‍കിയത്.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണ്.

പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരന്‍. മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണ്. തെരഞ്ഞെടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരന്‍ നായര്‍ തന്നെ പറഞ്ഞത് ഗൂഢാലോചനയാണ്.

ദൈവ വിശ്വാസികള്‍ ഇതിന് പകരം ചോദിക്കും. ഇത് നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ്. അത് കൊണ്ടാണ് പരാതി നല്‍കുന്നത്.

ഇത് മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത് ഇടതുമുന്നണിയെ തോല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. ഈ ഘട്ടത്തിലും ആശങ്കയില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു

വോട്ടെടുപ്പ് ദിവസം സജീവ ചര്‍ച്ചയായത് ശബരിമല വിവാദമായിരുന്നു. ശബരിമല വിഷയം ഉയര്‍ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും നാട്ടില്‍ സമാധാനവും സൈ്വര്യവും ഉണ്ടാക്കുന്ന സര്‍ക്കാര്‍ വരണമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ദേവഗണങ്ങളും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂര്‍ത്തികള്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. ശബരിമല യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക മറുപടിയാണ് പിണറായി നല്‍കിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ആത്മാര്‍ത്ഥത എന്തെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ചു ബോധമുണ്ടായല്ലോയെന്നും ഇപ്പോള്‍ സ്വാമി അയ്യപ്പനെ ഓര്‍ക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ആവശ്യപ്പെട്ടത്.

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞത്. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇപ്പോഴാണ് അതിന്റെ ദോഷം മനസ്സിലാകുന്നത്. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവുവെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

എന്നാല്‍ ശബരിമല തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. അതിന് ശേഷം പുഴകളിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. ജനങ്ങള്‍ അന്വേഷിക്കുന്നത് ആരാണ് മുടക്കം കൂടാതെ പെന്‍ഷനും കിറ്റും ആശുപത്രിയും റോഡും നല്‍കിയതെന്നാണെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്നായിരുന്നു ശശി തരൂര്‍ എം.പി പ്രതികരിച്ചത്. അനാവശ്യമായി ഹെല്‍മെറ്റും ഫ്ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ പറ്റിക്കാനായി വോട്ടിങ് ദിനത്തില്‍ ഒരു അയ്യപ്പ വിശ്വാസം വന്നത് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM File Complaints On Sabarimala Controversy on Election Day

Latest Stories

We use cookies to give you the best possible experience. Learn more