തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം മ്യൂസിയം പൊലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ അന്‍വര്‍ ഷായാണ് പരാതി നല്‍കിയ വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ നടന്ന ബി.ജെ.പി സമ്മേളനത്തിനിടെ സി.പി.ഐ.എമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ‘സി.പി.ഐ.എമ്മിലെ സ്ത്രീകളൊക്കെ തടിച്ച് കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
ബി.ജെ.പി തൃശൂരില്‍ വെച്ച് നടത്തിയ സ്ത്രീ ശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.
തുടര്‍ന്ന് സുരേന്ദ്രനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വീട്ടിലെ പെണ്ണുങ്ങളെ കാണുന്ന കണ്ണുകൊണ്ട് എല്ലാവരെയും സുരേന്ദ്രന്‍ നോക്കേണ്ടതില്ലെന്നാണ് വിഷയത്തില്‍ വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പ്രതികരിച്ചത്. അരിയാഹാരം കഴിക്കുന്നവരെ കണ്ട് ചാണകം കഴിക്കുന്നവര്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഷാഹിദാ കമാല്‍ പറഞ്ഞിരുന്നു.
അതേസമയം സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഇത്രയും സ്ത്രീ വിരുദ്ധമായ പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞത്. സ്വന്തം പാര്‍ട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സി.പി.ഐ.എം പ്രതികരിക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Content Highlight: cpim file complaint against k surendran