| Tuesday, 11th December 2018, 3:40 pm

2013 ല്‍ നോട്ടയ്ക്കും പിറകില്‍, 2018 ല്‍ 23000 ത്തിലേറെ ഭൂരിപക്ഷത്തിന് ജയം; രാജസ്ഥാനില്‍ സി.പി.ഐ.എം നേടിയത് തകര്‍പ്പന്‍ ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ ദുംഗര്‍ഗഢ് മണ്ഡലത്തില്‍ സി.പി.ഐ.എം നേടിയത് തകര്‍പ്പന്‍ ജയം. 2013 ല്‍ വെറും 2527 വോട്ട് മാത്രം നേടി നോട്ടയ്ക്കും പിറകില്‍ അവസാനസ്ഥാനത്തായിരുന്ന സി.പി.ഐ.എം ഇത്തവണ ജയത്തോടെയാണ് മറുപടി നല്‍കിയത്.

2013 ല്‍ ബി.ജെ.പിയുടെ കൃഷ്ണ റാം 78278 വോട്ട് നേടിയാണ് ജയിച്ചത്. ആകെ പോള്‍ ചെയ്തതിന്റെ 50.34 ശതമാനം വോട്ടാണ് ബി.ജെ.പയ്ക്ക അന്ന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് 62076 വോട്ട് നേടിയിരുന്നു.

2597 വോട്ടായിരുന്നു നോട്ടയ്ക്ക് ലഭിച്ചിരുന്നത്. സി.പി.ഐ.എമ്മിന്റെ അശോക് കുമാറിന് ലഭിച്ചത് 2527 വോട്ട്.

എന്നാല്‍ ഇത്തവണ സി.പി.ഐ.എമ്മിന്റെ ഗിര്‍ധാരി ലാല്‍ 23000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയമുറപ്പിച്ചത്.

ALSO READ: രാജസ്ഥാനില്‍ സി.പി.ഐ.എം പിടിച്ചെടുത്തത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ്; വിജയം 17000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്

രാജസ്ഥാനില്‍ രണ്ടിടങ്ങളിലാണ് സി.പി.ഐ.എം ജയിച്ചത്.

ഭാദ്രയില്‍ നിന്ന് ബല്‍വാന്‍ പൂനിയയാണ് ജയിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി.

28 മണ്ഡലങ്ങളിലാണ് സി.പി.ഐ.എം രാജസ്ഥാനില്‍ മത്സരിച്ചത്. ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും പാര്‍ട്ടിയ്ക്കായി.

ALSO READ: എല്ലാ കണ്ണുകളും മധ്യപ്രദേശിലേക്ക്; ഫലം വരാനിരിക്കുന്ന 55 സീറ്റുകളിലേയും വോട്ട് മാര്‍ജിന്‍ 1000 ത്തില്‍ താഴെ മാത്രം

ബി.ജെ.പി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008 ലാണ് സി.പി.ഐ.എം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ALSO READ: രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്; രണ്ട് സീറ്റില്‍ സി.പി.ഐ.എം ജയിച്ചു

ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

വസുന്ധര രാജെ നയിച്ച ബി.ജെ.പി സര്‍ക്കാരിനെതിരെ കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ സി.പി.ഐ.എം സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍.

ഇവയില്‍ പല ആവശ്യങ്ങളും സര്‍ക്കാരിന് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more