ആറ്റിങ്ങല്‍: പ്രണയിച്ച് വിവാഹം കഴിച്ചതിന് എസ്.ഡി.പി.ഐയില്‍ നിന്ന് വധഭീഷണി നേരിടുന്നെന്ന് വെളിപ്പെടുത്തിയ ദമ്പതികള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് സി.പി.ഐ.എം. ഹാരിസണിന്റെ കൊട്ടിയോടുള്ള വീട്ടിലെത്തി സി.പി.ഐ.എം നേതാക്കള്‍ സംരക്ഷണം ഉറപ്പു നല്‍കി.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെയാണ് തങ്ങളുടെ നിസ്സാഹായാവസ്ഥ വെളിപ്പെടുത്തി ദമ്പതികള്‍ രംഗത്ത് വന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ ഹാരിസണും ഷഹാനയും രണ്ട് ദിവസം മുമ്പാണ് വിവാഹിതരായത്. ഇതേ തുടര്‍ന്ന് എസ്.ഡി.പി.ഐയില്‍ നിന്നും ഷഹാനയുടെ വീട്ടുകാരില്‍ നിന്നും വധഭീഷണിയുണ്ടെന്നും ആറ്റിങ്ങലില്‍ എസ്.ഡി.പി.ഐക്കാര്‍ തങ്ങളെ കൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കിയെന്നുമായിരുന്നു ഇരുവരുടെയും ആരോപണം.
Read Also : ഞങ്ങളെ കൊല്ലാന്‍ എസ്.ഡി.പി.ഐ ക്വൊട്ടേഷന്‍ കൊടുത്തിട്ടുണ്ട് ; മിശ്രവിവാഹം കഴിച്ചതിന് വധഭീഷണിയെന്ന് നവദമ്പതികള്‍ ഫേസ്ബുക്ക് ലൈവില്‍
തുടര്‍ന്നാണ് മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് പിന്തുണയുമായി സി.പി.ഐ.എം രംഗത്തെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍.രാമു, ഏരിയ കമ്മിറ്റി അംഗം രാജു, ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് സെക്രട്ടറി അനൂപ് എന്നിവരാണ് ഹാരിസണിന്റെ വീട്ടില്‍ നേരിട്ടെത്തിയത്. എന്നാല്‍ വധഭീഷണി മൂലം ദമ്പതികള്‍ ഒളിവിലായിരുന്നു. സി.പി.ഐ.എം നേതാക്കള്‍ നല്‍കിയ പിന്തുണയെ തുടര്‍ന്നാണ് ഇവര്‍ വീട്ടിലെത്തിയത്. വിഷയത്തില്‍ പരിപൂര്‍ണ പിന്തുണ സി.പി.ഐ.എം നേതാക്കള്‍ വാഗ്ദാനം ചെയ്തതോടെ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ തയ്യാറാവുകയായിരുന്നു.
ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസും കണ്ണൂര്‍ വളപട്ടണം സ്വദേശി ഷഹാനയും വ്യാഴാഴ്ച വൈകീട്ടോടെയാണ് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. വാമനപുരത്തെ ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായതിന്റെ രേഖകളും ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.
ഹാരിസണെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയിരുന്നതിനാല്‍ യുവാവിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. മകളെ കാണാനില്ലെന്ന് ഷഹാനയുടെ മാതാവ് വളപട്ടണം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുന്നതിനാല്‍ പെണ്‍കുട്ടിയെ കണ്ണൂരിലേക്ക് കൊണ്ടുപോയി.
തങ്ങള്‍ വിവാഹം കഴിച്ചത് ജാതിയും മതവും നോക്കി അല്ലെന്നും, പരസ്പരം മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും വീഡിയോയില്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് മരിക്കണ്ട ജീവിക്കണം എന്നും ശഹാന പറയുന്നു. തനിക്ക് മറ്റൊരു കെവിനാവേണ്ടെന്നും ഹാരിസണ്‍ പറഞ്ഞിരുന്നു.