പാലക്കാട്: വനിതാ മതിലിനായി ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന വിശദീകരണവുമായി സി.പി.ഐ.എം. പണം പിരിച്ചതില്‍ പരാതിയില്ലെന്നും വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവാണെന്നും പെന്‍ഷന്‍കാരായ വൃദ്ധകള്‍ പറയുന്ന വീഡിയോ സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തുവിട്ടു.
വനിതാ മതിലിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ ക്ഷേമപെന്‍ഷനില്‍നിന്ന് പണപ്പിരിവ് നടത്തുന്നുവെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ കോണ്‍ഗ്രസ് നേതാവ് തങ്ങളെ പൊലീസ് ആണ് എന്ന് പറഞ്ഞു പേടിപ്പിച്ചാണ് അങ്ങനെയൊക്കെ പറയിപ്പിച്ചതെന്ന് മനോരമ ന്യൂസില്‍ വന്ന വാര്‍ത്തയിലെ രണ്ട് സ്ത്രീകള്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പൊലീസ് കൂടെയുണ്ടെന്ന് പറഞ്ഞുകൊണ്ട് പേടിപ്പിക്കുകയും ഉദയകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവ് തങ്ങളോട് എന്തൊക്കെയോ പറഞ്ഞെന്നും അവര്‍ പറഞ്ഞത് അനുസരിച്ച് പേടിച്ച് പറഞ്ഞതാണ് അതെന്നും വീഡിയോയിലൂടെ കുള്ളിയമ്മയും പെട്ടയും പറയുന്നു.
രോഗികള്‍ക്കും അംഗപരിമിതര്‍ക്കും ലഭിക്കുന്ന പെന്‍ഷനില്‍നിന്നാണ് 100 രൂപ വച്ച് പിരിവെടുക്കുന്നത്. തുകയില്‍നിന്ന് പിരിവ് കിഴിച്ചശേഷമാണു സഹകരണ ബാങ്കുകളിലെ ചുമതലക്കാര്‍ പെന്‍ഷന്‍ കൈമാറുന്നതെന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയ്ക്ക് മാധ്യമങ്ങളില്‍ വലിയ പ്രചാരവും ലഭിച്ചു.
അതേസമയം ഒരു നിര്‍ബന്ധപിരിവും വനിതാ മതിലിന്റെ പേരില്‍ നടത്തിയിട്ടില്ല. വീടുകള്‍ കയറിയുള്ള പിരിവാണ് നടക്കുന്നത്. അതില്‍ ഒരു ക്രമക്കേടുമില്ല. വനിതാ മതിലിനെ തകര്‍ക്കാനുള്ള ബോധപൂര്‍വലക്ഷ്യമാണ് ഇതിന് പിന്നിലെന്നു വീഡിയോയില്‍ പറയുന്നു.
പാര്‍ട്ടിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ബോധപൂര്‍വമായ ശ്രമം എന്ന രീതിയിലാണ് വീഡിയോ ആരംഭിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ ആരോപണത്തിന് മാധ്യമങ്ങളും കൂട്ട് നിന്നു എന്നതാണ് വീഡിയോയിലെ പ്രധാന ആരോപണം.
ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ 50 ലക്ഷത്തിലേറെ വനിതകള്‍ അണിനിരക്കുമെന്നാണു സര്‍ക്കാര്‍ കണക്ക്. കണ്ണൂരില്‍ അഞ്ചു ലക്ഷം പേരെയും മതിലിന് ഏറ്റവും നീളമുണ്ടാകുന്ന ആലപ്പുഴയില്‍ നാലു ലക്ഷം പേരെയും പങ്കെടുപ്പിക്കും. മറ്റ് ഏഴു ജില്ലകളില്‍ 3- 3.25 ലക്ഷം പേരെ വീതം പങ്കെടുപ്പിക്കും. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളില്‍ മതില്‍ ഇല്ല. ഈ ജില്ലകളില്‍ നിന്നുള്ള 45,000 മുതല്‍ 55,000 വരെ വനിതകളെ മറ്റു ജില്ലകളില്‍ വിന്യസിക്കും.
WATCH THIS VIDEO: