ഋതബ്രത ബാനര്‍ജിയെ സി.പി.ഐ.എം പുറത്താക്കി
Daily News
ഋതബ്രത ബാനര്‍ജിയെ സി.പി.ഐ.എം പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th September 2017, 7:25 am

കൊല്‍ക്കത്ത: രാജ്യസഭാ എം.പി ഋതബ്രത ബാനര്‍ജിയെ സി.പി.ഐ.എം പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തികളുടെ പേരിലാണ്‌ നടപടി. സസ്‌പെന്‍ഷനിലായിരുന്ന ഋതബ്രത കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി.

കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടിയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.ഐ.എം ഭരണഘടന 19(13) പ്രകാരമാണ് നടപടി.

പി.ബി അംഗം മുഹമ്മദ് സലീമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഋതബ്രതയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്‌പെന്‍ഷന് പിന്നാലെ സംസ്ഥാന കമ്മിറ്റിയിലല്‍ നിന്നുംഅദ്ദേഹത്തെ പുറത്താക്കിയിരുന്നു.

ഋതബ്രത ബി.ജെ.പിയിലേക്ക് പോകുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗിയെ അദ്ദേഹം രണ്ടു തവണ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.


Read more: സി.പി.ഐ.എം പൊളിറ്റ്ബ്യൂറോയില്‍ മുസ്‌ലിം ക്വാട്ടയുണ്ട്, സി.പി.ഐ.എം നേതൃത്വം ബംഗാള്‍ വിരുദ്ധരെന്നും ഋതബ്രത ബാനര്‍ജി


പൊളിറ്റ്ബ്യൂറോയില്‍ മുസ്ലിം ക്വാട്ട ഉണ്ടെന്നും പാര്‍ട്ടി നേതൃത്വം ബംഗാള്‍ വിരുദ്ധന്മാരാണെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ അഭിമുഖത്തില്‍ ബാനര്‍ജി പറഞ്ഞിരുന്നത്. സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും വരുന്നത് തടഞ്ഞത് പ്രകാശ് കാരാട്ടും ഭാര്യ ബൃന്ദകാരാട്ടുമാണെന്നും ബാനര്‍ജി ആരോപിച്ചിരുന്നു.

“സി.പി.ഐ.എം ബംഗാള്‍ നേതാവും റായ്ഗഞ്ച് എം.പിയുമായ മുഹമ്മദ് സലീമിനെ പൊളിറ്റ്ബ്യൂറോയില്‍ എടുത്തത് പി.ബിയില്‍ മുസ്ലിം ക്വാട്ട ഉള്ളത് കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എങ്ങനെയാണ് മുസ്ലിംങ്ങള്‍ക്കോ അല്ലെങ്കില്‍ സ്ത്രീകള്‍ക്കോ മാത്രമായി ക്വാട്ട നടപ്പിലാക്കുകയെന്നും ബാനര്‍ജി ചോദിച്ചിരുന്നു.