| Sunday, 12th March 2023, 10:46 am

ബ്രഹ്മപുരത്തെ പ്രശ്‌നങ്ങളുടെ കാരണം മുന്‍ യു.ഡി.എഫ് ഭരണ നേതൃത്വം; ദുരന്ത മുഖത്തെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയവത്കരണം തുറന്നുകാണിക്കും: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് കാരണക്കാര്‍ മുന്‍ യു.ഡി.എഫ് ഭരണ നേതൃത്വമാണെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്.

ഇപ്പോള്‍ വേദമോതുന്ന ടോണി ചമ്മണി മേയറായപ്പോഴാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം അട്ടിമറിച്ച്, ടോണിയുടെ ബന്ധുവിന്റെ ജി.ജെ. ഇക്കോപവര്‍ എന്ന കമ്പനിക്ക് ടെന്‍ഡര്‍ നടത്തി കരാര്‍ നല്‍കിയതെന്നും സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ദുരന്ത മുഖത്തെ രാഷ്ട്രീയവത്കരിക്കുന്ന കോണ്‍ഗ്രസ് സമീപനത്തെ ജനങ്ങളുടെ മുന്നില്‍തുറന്നുകാണിക്കുമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫിന് എതിരായിട്ടുള്ള കള്ള പ്രചരണ വേലകള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും മുന്നോട്ട് വരണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലുടെ അഭ്യര്‍ത്ഥിച്ചു.

‘ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുവാന്‍ ബഹു.മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പ്ലാന്റ് സന്ദര്‍ശിച്ചതിന് ശേഷം മന്ത്രിമാരായ പി.രാജീവും എം.ബി. രാജേഷും വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഴുവന്‍ പേരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു. ഇതുമൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരും നഗരസഭയുംചേര്‍ന്ന് നടപ്പിലാക്കും,’ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സി.പി.ഐ.എം വിശദീകരണത്തിന്റെ പൂര്‍ണരൂപം

ഇപ്പോള്‍ വേദമോതുന്ന ടോണി ചമ്മണി മേയറായപ്പോഴാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം അട്ടിമറിച്ച് ടോണിയുടെ ബന്ധുവിന്റെ ജി.ജെ. ഇക്കോ പവര്‍ എന്ന കമ്പനിക്ക് ടെന്‍ഡര്‍ നടത്തി കരാര്‍ നല്‍കിയത്. നിലവിലുണ്ടായിരുന്ന പ്ലാന്റ് തകര്‍ക്കുന്നതിനെതിരെ എല്‍.ഡി.എഫ് വിയോജനകുറിപ്പ് നല്‍കിയിരുന്നു. ജി.ജെ. ഇക്കോപവര്‍ എന്ന കമ്പനി ടോണിയുടെ ബന്ധുവിന്റേതല്ലെന്ന് ടോണി പറയുമോ? ഒരു കൗണ്‍സില്‍ യോഗത്തില്‍ ഇന്നത്തെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവ് ആന്റണി കുരീത്തറ രേഖകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ജി.ജെ. ഇക്കോ പവര്‍ ബിനാമി കമ്പനിയാണെന്ന് കൗണ്‍സിലില്‍ പറഞ്ഞത് ടോണി ചമ്മണി മറന്നു പോയോ?

ജി.ജെ. ഇക്കോപവറിന് പണയംവെക്കാന്‍ 25 ഏക്കര്‍ ഭൂമി നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉമ്മന്‍ചാണ്ടിയില്‍ നിന്ന് വാങ്ങി നല്‍കിയത് ടോണി ചമ്മണിയല്ലേ?
ബ്രഹ്മപുരം പ്ലാന്റിന് ആരോ തീവെച്ചന്നാണ് യു.ഡി.എഫ് പ്രചരണം. തീവെക്കാന്‍ ആരെങ്കിലും പ്രേരിപ്പിച്ചോ എന്ന് കൗണ്‍സിലര്‍ എം.ജി.അരിസ്റ്റോട്ടിലിനോട് ചോദിച്ചാലറിയാം.

മേയറായിരുന്നത് കൊണ്ട് ബന്ധുക്കള്‍ക്ക് മാലിന്യ സംസ്‌കരണ കരാര്‍ നല്‍കി കോടികള്‍ വെട്ടിച്ചെന്ന് ആക്ഷേപം കേട്ടവര്‍ ഇപ്പോള്‍ ചെകുത്താനെ പോലെ വേദമോതുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സീറോ വേസ്റ്റ് സിറ്റിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് 2009 ല്‍ എല്‍.ഡി.എഫ് ഭരിക്കുന്ന സമയത്ത് കൊച്ചി നഗരസഭയ്ക്കാണ് ലഭിച്ചത്. അന്നത്തെ കേന്ദ്ര നഗരവികസന മന്ത്രി ജയ്പാല്‍റെഡിയില്‍ നിന്നുമാണ് അവാര്‍ഡ് നഗരസഭ സ്വീകരിച്ചത്. ഇന്നത്തെ ബ്രഹ്മപുരം പ്ലാന്റിന് ആവശ്യമായ 100 ഏക്കര്‍ സ്ഥലം വാങ്ങിച്ചതും കൊച്ചി നഗരസഭ ഇടതുപക്ഷം ഭരിച്ചിരുന്ന കാലഘട്ടത്തിലാണ്. ഇതിന് ആവശ്യമായ തുക മൂന്‍കുറായി നല്‍കിയത് വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാരാണ്.

അന്നത്തെ അടിയന്തര സാഹചര്യത്തില്‍ 2008ല്‍ പ്ലാന്റ് നിര്‍മാണം ആരംഭിച്ചു. 2009 ല്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കുകയും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചയില്‍ ഒരു ദിവസം ഡെപ്യൂട്ടി മേറയറുടെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് യോഗം ചേര്‍ന്നിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി കൊണ്ടുപോകുവാന്‍ എല്‍.ഡി.എഫ് ഭരണ കാലത്ത് ശ്രമിച്ചിരുന്നു.

തുടര്‍ന്ന് 2010ല്‍ യു.ഡി.എഫ് മേയര്‍ടോണി ചമ്മണി അധികാരത്തില്‍ വന്നതിനു ശേഷമാണ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചത്. ടോണി ചമ്മണി ഭരിക്കുന്ന കാലം മുതല്‍ പത്ത് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തില്‍ നിരവധിതവണ ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിത്തം ഉണ്ടായി. 2018 ല്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് പനമ്പിള്ളി നഗര്‍, തൃപ്പുണിത്തുറ, ഇരുമ്പനം തുടങ്ങിയ ഭാഗങ്ങളില്‍ ജനങ്ങള്‍ ബോധരഹിതരായി വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 2010 മുതല്‍ അശാസ്ത്രീയമായി നടപ്പിലാക്കിയ ചമ്മണി വക പരിഷ്‌കാരം മൂലം അജൈവ മാലിന്യം വന്‍തോതില്‍ കെട്ടികിടക്കുന്ന അവസ്ഥയിലേക്കും നിരവധി തവണ തീപിടിക്കുന്ന അവസ്ഥയിലേക്കും വഴി തെളിച്ചു.

ടോണി ചമ്മണിയുടെ കാലത്ത് തീപിടിത്തം ഉണ്ടായപ്പോള്‍ മാലിന്യം മണ്ണിട്ട് മൂടിയതുമായി ബന്ധപ്പെട്ട് വിജിലിന്‍സ് കേസ് നിലനില്‍ക്കുകയാണ്. അന്നത്തെ സര്‍ക്കാര്‍ ഓഡിറ്റില്‍ ഇത് സംബന്ധിച്ച ചിലവില്‍ ഒബ്ജക്ഷന്‍ ഉണ്ടായിട്ടുണ്ട്. നഗരത്തിലെ 100 ടണ്‍ മാലിന്യം സംസ്‌കരിച്ചിരുന്ന സ്ഥലത്ത് കൊച്ചിയിലെ മാലിന്യം പോലും താങ്ങാന്‍ പറ്റാത്ത പ്ലാന്റില്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ അങ്കമാലി, ആലുവ, തൃക്കാക്കര, കളമശ്ശേരി, ചേരാനെല്ലൂര്‍, കുമ്പളങ്ങി എന്നീ യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യം കൂടി ബ്രഹ്മപുരത്ത് കൊണ്ടു വന്ന് ഇടുന്ന പ്രക്രിയ മാത്രമാണ് നടത്തിയത്. ഇതിന് അനുവാദം കൊടുത്തതും ടോണി ചമ്മണിയുടെ കാലത്താണ്. ടോണി ചമ്മണിയുടെ കാലത്തും തുടര്‍ന്നു യു.ഡി.എഫ് കാലത്തും നാളിതുവരെ ഒരു പുതിയ പദ്ധതിയും കൊണ്ടുവരാന്‍ യു.ഡി.എഫ് ഭരണ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.

എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ അഞ്ച് ലക്ഷം ക്യൂബിക്ക് വേസ്റ്റാണ് ബ്രഹ്മപുരത്ത് വന്ന് കെട്ടികിടന്നത്. വലിയ മാലിന്യ മലകള്‍ സൃഷ്ടിക്കാന്‍ പത്ത് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിന് കഴിഞ്ഞു. ഇങ്ങനെ അടിഞ്ഞു കിടന്ന ലെഗസിവേസ്റ്റ് മറ്റുന്നതിനായി ഗ്രീന്‍ ട്രൈബ്യൂണല്‍ ബയോമൈനിങ് നടത്താന്‍ കൊച്ചി നഗരസഭയോട് ഉത്തരവിടുകയായിരുന്നു. നിരവധി തവണ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സൗമിനി ജെയിന്‍ ഭരണ കാലത്തും ബ്രഹ്മപുരത്ത് ഒരു തീരുമാനവും എടുത്തിരുന്നില്ല. നഗരസഭയിലെ ഏറ്റവും വലിയ അഴിമതി പ്രൊജക്റ്റായ ചിലവന്നൂര്‍കായല്‍ നടുവിലൂടെ നടപാത വരെ കഴിഞ്ഞ കൗണ്‍സിലില്‍ യു.ഡി.എഫ് പാസാക്കി എടുത്തു. ബ്രഹ്മപുരത്ത് ഒരു പദ്ധതിയും നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇത് പ്രകാരം കോടികളുടെ ഫൈന്‍ എന്‍.ജി.ടി കോടതി നഗരസഭയ്ക്ക് ചുമത്തി. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോളാണ് ആ വിധിക്ക് സ്റ്റേ ലഭിച്ചത്.

യു.ഡി.എഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ നടപ്പിലാക്കാന്‍ കഴിയാത്തതും ദേശീയ ഹരിത ട്രിബ്യൂണല്‍ നേരിട്ട് ബ്രഹ്മപുരം വിഷയത്തില്‍ വിമര്‍ശനം നടത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഐ.ഡി.സി.യെ ടെന്‍ഡര്‍ നടപടിക്ക് ചുമതലപ്പെടുത്തുകയും യു.ഡി.എഫ് ഭരണകാലത്ത് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തത്.
ടെന്‍ഡര്‍ നടപടി നിയമാനുസരണം പൂര്‍ത്തിയാക്കി കൗണ്‍സില്‍ ടി. വിഷയം ചര്‍ച്ചക്ക് വരികയും ചര്‍ച്ചക്ക് ശേഷം കൗണ്‍സില്‍ ടെന്‍ഡര്‍ നടപടികള്‍ അംഗീകരിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് കൊവിഡ് പ്രതിസന്ധി മൂലം കൗണ്‍സില്‍ ടെന്‍ഡര്‍ എഗ്രിമെന്റ് ഒപ്പ് വയ്ക്കാന്‍ വൈകുകയുണ്ടായി.ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി കാലയളവ് പുതുക്കി നിശ്ചയിച്ച് നല്‍കി. ബയോമൈനിങ് പ്രവര്‍ത്തനം പരിശോധിക്കുന്നതിന് കൊച്ചി നഗരസഭയും ശുചിത്വമിഷനും, മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്ന് പരിശോധന നടത്തി വരുന്നുണ്ട്.

ജൈവമാലിന്യ പ്ലാന്റ് നടത്തിപ്പ് ടെന്‍ഡര്‍ പോലുംചെയ്യാത്ത ഒരു കരാറുകാരന് തന്നെ ടോണി ചമ്മണിയുടെയും സൗമിനി ജെയിന്റോയും ഭരണകാലത്ത് കരാര്‍നല്‍കുകയായിരുന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. പത്ത് വര്‍ഷത്തെ അഴിമതിക്ക് നേതൃത്വം നല്‍കിയ മുന്‍ മേയര്‍ടോണി ചമ്മിണി തന്നെയാണ് സൗമിനി ജെയിനെയും നിയന്ത്രിച്ചിരുന്നത്. 2020 ഡിസംബറില്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫിന്റെ ഭരണ സമിതിയാണ് ജൈവ മാലിന്യ പ്ലാന്റ് ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കിയത്.

Content Highlight: CPIM Ernakulam District Secretariat says former UDF ruling leadership is responsible for incidents related to Brahmapuram fire

Latest Stories

We use cookies to give you the best possible experience. Learn more