| Friday, 3rd September 2021, 2:44 pm

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചില്ല, പ്രചാരണത്തില്‍ വീഴ്ച വരുത്തി; ജി. സുധാകരനെതിരെ സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ജി. സുധാകരന് വീഴ്ച വന്നുവെന്ന് സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.

സുധാകരനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട്. സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നാണ് സി.പി.ഐ.എം കമ്മീഷന്‍ കണ്ടെത്തല്‍.

എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. അച്ചടക്ക നടപടി സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. അതോടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എത്തിയ ആളെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചില്ല.

സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തില്‍ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷന്‍ കണ്ടെത്തല്‍. സലാമിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന ഈ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതില്‍ സെക്രട്ടറിയേറ്റാകും തീരുമാനമെടുക്കുക.

ആലപ്പുഴയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി.പി. ചിത്തരഞ്ജനെതിരെ പ്രചാരണം വന്നപ്പോള്‍, അവിടെ എം.എല്‍.എയായിരുന്ന ഡോ. തോമസ് ഐസക്ക് ഇതിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ അത്തരമൊരു സമീപനം സലാമിനെതിരെ പോസ്റ്റര്‍ പ്രചാരണം ഉണ്ടായപ്പോള്‍ ജി. സുധാകരനില്‍ നിന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്പലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അമ്പലപ്പുഴ നിയമസഭ തെരഞ്ഞെടുപ്പില്‍ സലാമിനും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ല. ഒരു വിഭാഗക്കാരനെന്ന പ്രചാരണത്തെ ചെറുക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അമ്പലപ്പുഴയിലെ പ്രവര്‍ത്തന വീഴ്ച അന്വേഷിക്കാന്‍ സി.പി.ഐ.എം നിയോഗിച്ച രണ്ടംഗ കമ്മീഷന് മുന്നില്‍ ജി. സുധാകരനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തെളിവെടുപ്പിന് ഹാജരായവരില്‍ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നല്‍കിയിരുന്നു. അതേസമയം ഇന്നു ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Commission Report Aganist G Sudhakaran

We use cookies to give you the best possible experience. Learn more