| Friday, 31st July 2020, 4:57 pm

ബംഗാളില്‍ സി.പി.ഐ.എം ഉണര്‍ന്നെണീക്കുന്നു; സന്തോഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കൊത്ത: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ബംഗാളില്‍ സി.പി.ഐ.എം സ്വാധീനം അസ്തമിച്ചുവെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. കാരണം 35 വര്‍ഷത്തോളം സംസ്ഥാനം ഭരിച്ച സി.പി.ഐ.എമ്മിന്റെ വോട്ട് ഏഴ് ശതമാനത്തിലേക്ക് താഴുകയും അതേ സമയം ബി.ജെ.പി 18 സീറ്റുകള്‍ നേടുകയും ചെയ്തതോടെയുമാണ് ഈ വിലയിരുത്തല്‍ ഉണ്ടായിരുന്നത്.

തൊട്ട് മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 25.69 വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞ സി.പി.ഐ.എമ്മിന് വോട്ടുകള്‍ നഷ്ടപ്പെടുകയും ഈ വോട്ടുകള്‍ ബി.ജെ.പി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്തരീക്ഷം മാറിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സി.പി.ഐ.എം വൃത്തങ്ങളും പറയുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് പോയ സി.പി.ഐ.എം വോട്ടുകളില്‍ ഭൂരിപക്ഷവും അല്ലെങ്കില്‍ പകുതിയുമോ തിരികെ വരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് സന്തോഷമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സന്തോഷത്തിന് പിന്നിലുള്ള കാരണം ഇനി പറയുന്നതാണ്. സി.പി.ഐ.എമ്മില്‍ നിന്ന് കൂട്ടത്തോടെ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളാണ് സംസ്ഥാനത്ത് 18 ലോക്‌സഭ സീറ്റുകള്‍ ലഭിക്കാന്‍ ഇടയാക്കിയത്. അതോടെ ബി.ജെ.പിയാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ കഴിഞ്ഞു. കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി അതിനെ തുടര്‍ന്ന് കൂടുതല്‍ ഇടപെടാനും ആരംഭിച്ചു. ദേശീയ തലത്തില്‍ നിന്നുള്ള കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു പാര്‍ട്ടിയില്‍ നിന്ന് വോട്ടുകള്‍ തിരിച്ച് സി.പി.ഐ.എമ്മിലേക്ക് വന്നാല്‍ വീണ്ടും അധികാരത്തിലെത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍.

സി.പി.ഐ.എം സംസ്ഥാനത്തെ ഭൂരിഭാഗം ഓഫീസുകളും തുറന്നു പ്രവര്‍ത്തനം നടത്താനാരംഭിച്ചു. കൊവിഡ്, ഉംപുണ്‍ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. ഇതോടെ സംസ്ഥാനത്ത് സി.പി.ഐ.എമ്മിന് സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതേ സമയം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും താഴെ തട്ടില്‍ ബന്ധങ്ങളുള്ള നേതാക്കളെ കണ്ടെത്താന്‍ സാധിക്കാത്തതാണ് തിരിച്ചടിയായിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more