|

ശബരിമല യുവതിപ്രവേശനം; യു.ഡി.എഫും ബി.ജെ.പിയും നടത്തിയ പ്രചരണങ്ങളില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് സി.പി.ഐ.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും നടത്തിയ പ്രചരണത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായതായി സി.പി.ഐ.എം അവലോകന റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം മറികടക്കാനുള്ള പരിഹാര നടപടികളുമായി മുന്നോട്ടുപോകാനും സി.പി.ഐ.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. തിരിച്ചടിക്ക് ഇടയാക്കിയ പ്രധാന കാരണങ്ങളും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ്. സംസഥാന സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് പരിശോധിക്കണം.

വനിതാമതിലിനുശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു.

ബി.ജെ.പി കേന്ദ്രത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളില്‍ യു.ഡി.എഫിന് അനുകൂലമായി ചുവടുമാറ്റത്തിന് ഇടയാക്കി. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെന്നുമുള്ള പ്രചാരണം ഈ ചുവടുമാറ്റത്തെ അനായാസമാക്കി. ഈ ആകര്‍ഷണം കൂടുതല്‍ പൊലിപ്പിക്കാനാണ് രാഹുല്‍ഗാന്ധിയെ വയനാട്ടില്‍നിന്ന് മത്സരിപ്പിച്ചത്. സ്ത്രീകളെ പ്രായഭേദം കൂടാതെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ച സുപ്രീംകോടതിവിധിയെ അനുകൂലിക്കുന്ന നിലപാടാണ് പാര്‍ട്ടിയും എല്‍.ഡി.എഫ് സര്‍ക്കാരും കൈക്കൊണ്ടത്.

സുപ്രീംകോടതി വിധിയെ പിന്താങ്ങുന്ന ആദ്യനിലപാട് കോണ്‍ഗ്രസും ബി.ജെ.പിയും തിരുത്തി, പാര്‍ടിക്കും എല്‍.ഡി.എഫ് സര്‍ക്കാരിനും എതിരായി അതിരൂക്ഷമായ പ്രചാരണം സംഘടിപ്പിച്ചു. പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യാറുള്ളവരില്‍ ഒരുവിഭാഗത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് അകറ്റപ്പെട്ടവര്‍ വിവിധ മണ്ഡലങ്ങളില്‍ വ്യത്യസ്ത രീതികളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വോട്ട് ചെയ്തു.

സി.പി.ഐ.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോല്‍വി ഉറപ്പാക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബി.ജെ.പി അതിന്റെ വോട്ടിന്റെ ഒരുഭാഗം യു.ഡി.എഫിന് അനൂകൂലമായി ചെയ്തു.

കേരളത്തിലെ രാഷ്ട്രീയ അക്രമത്തില്‍ പാര്‍ട്ടി മാത്രമാണ് ഉത്തരവാദി എന്ന വിഷലിപ്തമായ പ്രചാരണം യു.ഡി.എഫും ബി.ജെ.പിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. സി.പി.ഐ.എം ആണ് രാഷ്ട്രീയാക്രമണത്തിന്റെ ആഘാതം പേറേണ്ടിവന്നതെങ്കിലും പാര്‍ട്ടിയെ കരിതേച്ചുകാണിക്കാന്‍ ചിലസംഭവങ്ങളെ ഉപയോഗിക്കുന്നതില്‍ യു.ഡി.എഫും ബി.ജെ.പിയും മാധ്യമങ്ങളും വിജയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എതിരാളികള്‍ക്ക് പാര്‍ട്ടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാകില്ല എന്ന് പാര്‍ട്ടി ഉറപ്പുവരുത്തണം. തെറ്റുകളും കുറവുകളും തിരുത്തുന്നതിനും ഉചിതമായ നടപടികള്‍ കൈക്കൊള്ളണം.

തങ്ങളുടെ വോട്ടില്‍ ഒരു ഭാഗം യു.ഡി.എഫിനു കൈമാറിയശേഷവും 15.56 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ ബി.ജെ.പി വിജയിച്ചു. ഇത് അതിയായ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയുന്നതിനുള്ള ക്ഷമാപൂര്‍വവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാപ്രവര്‍ത്തനം ആവശ്യമാണ്.

ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ വോട്ടിങ് ശേഷിയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. പാര്‍ട്ടിയുടെ അശ്രാന്തപരിശ്രമവും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കേരളത്തില്‍ എല്‍.ഡി.എഫ് നേരിട്ടത്. ആകെയുള്ള 20 സീറ്റില്‍ ഒന്നില്‍ മാത്രമാണ് എല്‍.ഡി.എഫിന് ജയിക്കാനായത്.

WATCH THIS VIDEO: