പൊതു രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതില്‍ പി.ബിക്ക് കൂട്ടായ തെറ്റുപറ്റി. ദേശീയതലത്തില്‍ മതേതരബദല്‍ കെട്ടിപ്പടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു- റിപ്പോര്‍ട്ട് ആത്മവിമര്‍ശനം നടത്തുന്നു.
പശ്ചിമ ബംഗാളിലും കേരളത്തിലും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കയുണ്ടാക്കുന്നതാണ്. ബംഗാളില്‍ ബി.ജെ.പി 17 ശതമാനത്തോളം വോട്ട് നേടുകയും രണ്ടിടത്ത് ജയിക്കുകയും ചെയ്തു. നിരവധി സീറ്റുകളില്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാംസ്ഥാനത്ത് വരാനും ബി.ജെ.പിക്ക് കഴിഞ്ഞു.
കേരളത്തില്‍ ഒരു സീറ്റില്‍ ബി.ജെ.പി ജയത്തിന്റെ വക്കിലെത്തി. അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. പരമ്പരാഗത ഇടത് വോട്ടുകള്‍ പോലും ബി.ജെ.പിയിലേക്ക് ചോര്‍ന്നത് പോലും തടയാന്‍ കഴിഞ്ഞില്ല. പല മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ട് നേടി. കഴിഞ്ഞ തവണ ഏഴ് ശതമാനം വോട്ട് നേടിയ ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ 11 ശതമാനത്തോളം വോട്ട് നേടി.
കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ജയിക്കാമായിരുന്നുവെന്നും എന്നാല്‍ ചില മണ്ഡലങ്ങളിലെ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കേന്ദ്രകമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.