| Thursday, 13th April 2023, 4:52 pm

സഭ അധികാരികള്‍ ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു; ക്രിമിനല്‍ കുറ്റമാരോപിക്കപ്പെട്ട കര്‍ദിനാളാണ് മോദിയെ പുകഴ്ത്തിയത് : സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി അനുകൂല നിലപാടെടുത്ത ക്രസ്ത്യന്‍ പുരോഹിതരെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ള സഭ നേതൃത്വങ്ങള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പുകഴ്ത്തിക്കൊണ്ട് പ്രസ്താവനയിറക്കിയതെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി.

ക്രിമിനല്‍ കേസ് ആരോപണം നേരിടുന്ന കര്‍ദിനാളാണ് മോദിയെ വിമര്‍ശിച്ചതെന്നും പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ സി.പി.ഐ.എം പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെന്ന തെറ്റായ പ്രചരണമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇപ്പോള്‍ നടക്കുന്ന ക്രിസ്ത്യന്‍ പ്രീണനത്തിന് പിന്നില്‍ നരേന്ദ്ര മോദിയാണെന്നും മുഖ പ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

‘ക്രിസ്ത്യാനികളും മുസ്‌ലിങ്ങളുമടക്കമുള്ള ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന കേരളത്തില്‍ ഭരണത്തിലെത്താന്‍ ബി.ജെ.പി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ട്. പക്ഷെ അവര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

മുസ്‌ലിങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയ ബി.ജെ.പിയിപ്പോള്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ബി.ജെ.പിയുടെ പെട്ടെന്നുള്ള നീക്കം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പക്ഷെ മോദിയുടെ നേരിട്ടുള്ള സ്വാധീനം ഇതിന് പിന്നിലുണ്ട്. മേഘാലയയിലും നാഗാലാന്റിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചതിന് ശേഷം നടന്ന പാര്‍ട്ടി യോഗത്തില്‍ ക്രിസ്ത്യാനികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. ഇനി അടുത്ത ലക്ഷ്യം കേരളമാണെന്നും മോദി പറഞ്ഞിരുന്നു. പക്ഷെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയിച്ചെന്ന വാദം തന്നെ തെറ്റാണ്. ഒരു സ്ഥലത്ത് കേവലം രണ്ട് വോട്ടും മറ്റൊരിടത്ത് ഭരണ പങ്കാളിയും മാത്രമാണ് ബി.ജെ.പി.

2014ല്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. മുസ് ലിങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ആര്‍.എസ്.എസ് തത്വ ശാസ്ത്രത്തിന്റെ ഇരകളാണവര്‍.

ഈ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സഭാധികാരികള്‍ നടത്തുന്ന ബി.ജെ.പി അനുകൂല നിലുപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെയും അഭിപ്രായമല്ല. വളരെ ചെറിയ പക്ഷം മതാധ്യക്ഷന്മാരുടേതാണ്.

ക്രിസ്ത്യാനികള്‍ പൊതുവെ സാഹോദര്യത്തിലും സന്തോഷത്തിലുമാണ് രാജ്യത്ത് കഴിയുന്നത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തന്ത്രങ്ങളെക്കുറിച്ചൊക്കെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ട്,’ സി.പി.ഐ.എം മുഖപ്രസംഗത്തില്‍ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പി നേതാക്കള്‍ ക്രിസ്ത്യന്‍ സഭ അധ്യക്ഷന്മാരെ സന്ദര്‍ശിച്ചതിന് പിന്നാലെ മോദിയെയും വിചാരധാരയെയും പുകഴ്ത്തി തലശ്ശേരി ആര്‍ച്ച് ബിഷപ്പും, കര്‍ദിനാള്‍ ആലഞ്ചേരിയും രംഗത്തെത്തിയിരുന്നു. പിന്നാലെ വന്ന ഓര്‍ത്തഡോക്‌സ് സഭ മെത്രാന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Content Highlight: cpim editorial about sabha

We use cookies to give you the best possible experience. Learn more