കോഴിക്കോട്: മുസ്‌ലിം ലീഗിന് ബദലായി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന മനോരമയുടെ വാര്‍ത്ത തള്ളി മന്ത്രി കെ.ടി ജലീല്‍. മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ “ഇന്ത്യന്‍ സെക്കുലര്‍ ലീഗ്” എന്ന പേരില്‍ പുതിയ ഇടതുപക്ഷ ഇസ്‌ലാമിക മതേതര പാര്‍ട്ടി രൂപീകരിക്കുന്നു എന്നായിരുന്നു മനോരമയില്‍ വന്ന വാര്‍ത്ത.
തന്റെ പേരില്‍ വന്ന വാര്‍ത്ത നൂറുശതമാനം തെറ്റാണെന്ന് മന്ത്രി ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. നിലവില്‍ സി.പി.ഐ.എം തന്നെ ന്യൂനപക്ഷങ്ങളോട് നേര്‍ക്കുനേര്‍ സംവദിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ പുതിയൊരു ന്യൂനപക്ഷ പാര്‍ട്ടിയുടെ ആവശ്യം സി.പി.ഐ.എമ്മിന് ഇല്ലാ എന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി ഇത്തരത്തില്‍ പുതിയ പാര്‍ട്ടി വരുന്നു എന്ന വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചിട്ട്. അന്നു മുതലേ ഇതിനെ രൂക്ഷമായി എതിര്‍ക്കുന്നുണ്ട്. ഈ നിഷേധം എന്നും തുടരുന്നതാണ്. ഇപ്പോള്‍ എന്നല്ല, ഭാവിയില്‍ പോലും ഇത്തരത്തില്‍ ന്യൂനപക്ഷ പാര്‍ട്ടിക്കുള്ള ആവശ്യം സി.പി.ഐ.എമ്മില്‍ ഇല്ല.
നിലവില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി നഷ്ടമായ സമയമാണ്. ഇപ്പോള്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്ന കോമണ്‍ പ്ലാറ്റ്‌ഫോമുകളാണ് ഉയര്‍ന്നു വരേണ്ടത്. എന്നാല്‍ നേരത്തെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കട്ടെ. അല്ലാതെ ഈ സാഹചര്യത്തില്‍ പുതിയൊരു ന്യൂനപക്ഷ പാര്‍ട്ടിക്ക് യാതൊരു പ്രസക്തിയുമില്ല. മന്ത്രി പറഞ്ഞു.
കെ.ടി. ജലീലിനെ കൂടാതെ എം.എല്‍.എമാരായ പി.ടി.എ റഹിം, കാരാട്ട് റസാഖ്, പി.വി അന്‍വര്‍, വി. അബ്ദുറഹ്മാന്‍ എന്നിവരുടെ പിന്തുണയോടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് എന്നായിരുന്നു മനോരമയില്‍ വന്ന വാര്‍ത്ത. അതേസമയം, കെ.ടി. ജലീല്‍ പുതിയ പാര്‍ട്ടി തുടങ്ങുന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് വാര്‍ത്ത നിഷേധിച്ചു കൊണ്ട് വി. അബ്ദുറഹ്മാനും പ്രതികരിച്ചു.