തിരുവനന്തപുരം: തീവ്രഹിന്ദുത്വവാദ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തെ പൂര്‍ണമായും തകര്‍ക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
ഹിന്ദുത്വവല്‍ക്കരണത്തിന്റെ ഭാഗമായി ജനമനസ്സുകളെ വര്‍ഗീയവല്‍ക്കരിക്കുന്നതിന് സാംസ്‌കാരികരംഗത്തെ ഉപയോഗിക്കുന്ന നില ശക്തമായി തുടരുകയാണെന്നും അദ്ദേഹം പ്രസ്താവയില്‍ പറഞ്ഞു.
നവംബര്‍ 5, 6 തീയതികളില്‍ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ‘സാംസ്‌കാരികരംഗവും വര്‍ത്തമാനകാല കടമകളും’ എന്ന രേഖയിലൂടെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സ്വത്വരാഷ്ട്രീയത്തിന്റെ ദൗര്‍ബല്യം തുറന്നുകാട്ടണമെന്നും ഇടതുപക്ഷ മതനിരപേക്ഷതയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണുണ്ടാകേണ്ടതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഫാസിസ്റ്റ് ഭരണക്രമത്തിന് അടിത്തറയൊരുക്കുന്ന ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗത്തിന്റെ കാഴ്ചപ്പാടുകള്‍ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവമാണ്. ഈ ദൗര്‍ബല്യങ്ങളുടെ പശ്ചാത്തലത്തെ ഉപയോഗപ്പെടുത്തിയാണ് സംഘപരിവാര്‍ അവരുടെ അജന്‍ഡകള്‍ സ്ഥാപിക്കുന്നതിന് സാംസ്‌കാരികമേഖലയില്‍ ശക്തമായി ഇടപെടുന്നത്.
സാമൂഹ്യ ജീവിതത്തിന്റെ ആകെ തുകയെന്നനിലയിലാണ് പുതിയ കാലത്ത് സംസ്‌കാരത്തെ നാം വീക്ഷിക്കുന്നത്. സാംസ്‌കാരികമായ അധീശത്വംവഴി നേട്ടങ്ങള്‍ സൃഷ്ടിക്കാമെന്ന് വലതുപക്ഷം ചിന്തിക്കുന്നു. ബഹുസ്വരതയെ തകര്‍ക്കുന്നതിനും ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുമാണ് അവരുടെ ശ്രമമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സംഘപരിവാറിന്റെ സാംസ്‌കാരികമേഖലയിലെ പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ ഫലമായി തങ്ങളുടേതായ സാംസ്‌കാരിക സ്വത്വങ്ങള്‍ വികസിപ്പിച്ചെടുത്ത് അവയെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടലുകളും ശക്തിപ്പെടുകയാണ്. ഇത് സമൂഹത്തില്‍ വലിയ ധ്രുവീകരണം സൃഷ്ടിക്കുന്നു.
അരാജകവാദം മുന്നോട്ടുവയ്ക്കുന്ന സംഘങ്ങളാകട്ടെ പൊതുവായ സാംസ്‌കാരിക പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്തി തളര്‍ത്താന്‍ ശ്രമിക്കുന്നു. വര്‍ഗീയ സാംസ്‌കാരിക ഇടപെടലുകള്‍ ശക്തിപ്പെടുന്ന വര്‍ത്തമാനകാലത്ത് മതനിരപേക്ഷ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയെന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനും വികാസത്തിനും അത്യന്താപേക്ഷിതമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്ക് കേരള നിയമസഭയില്‍ ഒരംഗംപോലും ഇല്ലെങ്കിലും സാംസ്‌കാരികരംഗത്ത് ഹിന്ദുത്വ ആശയങ്ങള്‍ ശക്തമായി പ്രചരിക്കുന്ന നില വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇത് മനസ്സിലാക്കി ഇടപെടുകയെന്നത് പ്രധാനമാണ്. അവയെ തകര്‍ത്തുകൊണ്ടേ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്താനാകൂവെന്ന് തിരിച്ചറിയണം. മതനിരപേക്ഷ സംസ്‌കാരം ശക്തിപ്പെടുത്തണം.
സ്വത്വരാഷ്ട്രീയത്തിന്റെ ദൗര്‍ബല്യം തുറന്നുകാട്ടണം സാംസ്‌കാരികരംഗത്ത് ശക്തമായി ഇടപെട്ട സമ്പന്നമായ പാരമ്പര്യം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. അതിലൂടെയാണ് അടിസ്ഥാന ജനവിഭാഗത്തിന്റെ കാഴ്ചകളും സ്വപ്നങ്ങളും നമ്മുടെ സാംസ്‌കാരികരംഗത്ത് കടന്നുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാധുനിക സിദ്ധാന്തത്തില്‍നിന്ന് ഊര്‍ജം വലിച്ചെടുത്ത് വികസിക്കുന്ന സ്വത്വരാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിനുള്ള വിപുലമായ ആശയപ്രചാരണം സംഘടിപ്പിക്കണം. കേരളത്തിന്റെ ഇടതുപക്ഷ സാംസ്‌കാരിക അടിത്തറയെ കൂടുതല്‍ വികസിപ്പിക്കുന്നതിനുതകുന്ന പ്രായോഗികവും സൈദ്ധാന്തികവുമായ ബദല്‍ അവതരിപ്പിക്കുന്നുവെന്ന നിലയില്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനം ഈ രേഖക്കുണ്ടാകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.