ഒരു കമ്മ്യൂണിസ്റ്റ്കാരനും കൃഷ്ണ പിള്ള സ്മാരകം തകര്‍ക്കില്ല; പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ കുറ്റവിമുക്തരായവരെ തിരിച്ചെടുക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
Kerala News
ഒരു കമ്മ്യൂണിസ്റ്റ്കാരനും കൃഷ്ണ പിള്ള സ്മാരകം തകര്‍ക്കില്ല; പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ കുറ്റവിമുക്തരായവരെ തിരിച്ചെടുക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 12:53 pm

ആലപ്പുഴ: കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസില്‍ വെറുതെ വിട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍.

ഒരു കമ്മ്യൂണിസ്റ്റ്കാരനും കൃഷ്ണ പിള്ള സ്മാരകം തകര്‍ക്കില്ലെന്നും പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ കുറ്റവിമുക്തരായവരെ തിരികെയെടുക്കുമെന്നും ആര്‍. നാസര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളായ മുഴുവന്‍ പേരേയും ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ഇന്ന് വെറുതേ വിട്ടിരുന്നു.

വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അടക്കം 5 പേരെയാണ് വെറുതെ വിട്ടത്.

തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.

2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് പി കൃഷ്ണപിള്ളയുടെ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള സ്മാരകം തകര്‍ത്തത്. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകര്‍ക്കുകയും ചെയ്തു.

ലോക്കല്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2014 ഒക്ടോബറില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ പ്രതിയാക്കി കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രന്‍, കണ്ണര്‍കാട് മുന്‍. ലോക്കല്‍ സെക്രട്ടറി പി.സാബു, സി.പി.ഐ.എം പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി. പ്രതികളെയെല്ലാം സി.പി.ഐ.എം പുറത്താക്കിയിരുന്നു. പാര്‍ട്ടിതലത്തില്‍ അന്വേഷണവും ഉണ്ടായിരുന്നില്ല.

2016 ഏപ്രില്‍ 28 നാണ് കേസില്‍ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ