ക്ഷേത്രോത്സവത്തിന്റെ കലശത്തില്‍ പി. ജയരാജന്റെ ചിത്രം; വിമര്‍ശിച്ച് എം.വി. ജയരാജന്‍
Kerala News
ക്ഷേത്രോത്സവത്തിന്റെ കലശത്തില്‍ പി. ജയരാജന്റെ ചിത്രം; വിമര്‍ശിച്ച് എം.വി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2023, 10:57 am

കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കതിരൂര്‍ പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ പി. ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയതിലാണ് എം.വിജയരാജന്റെ വിമര്‍ശനം. വിശ്വാസം രാഷ്ട്രിയ വല്‍കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടത്. കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്.

വിശ്വാസത്തിന്റെ ഭാഗമായി വര്‍ഗീയ സംഘടനകള്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുന്നുണ്ട്. എന്നാല്‍ വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല എന്നതാണ് ഞങ്ങളുടെ നിലപാട്,’ എം.വി. ജയരാജന്‍ പറഞ്ഞു.

നേരത്തെയും പി. ജയരാജനെ മഹത്‌വല്‍കരിക്കുന്ന പ്രചരണങ്ങളില്‍ സി.പി.ഐ.എം ഇടപെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഗാനങ്ങളും അക്കാലത്ത് പ്രചരിച്ചത് വിവാദയപ്പോള്‍ പാര്‍ട്ടി ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സമാനമായ പുതിയ വിവാദം ഉണ്ടാകുന്നത്.