| Sunday, 27th January 2019, 10:07 am

സി.പി.ഐ.എം ജില്ലാ ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ; കടുത്ത നടപടിയുണ്ടാവില്ലെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ചൈത്ര തെരേസ ജോണിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം നാളെ  ഡി.ജി.പിക്ക് നല്‍കും.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം നടന്നത്. സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ വിശദീകരണം നല്‍കി.

പരിശോധനയ്ക്കിടെ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും മുറികള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ചൈത്ര വിശദീകരണത്തില്‍ പറഞ്ഞു.

സംഭവത്തില്‍ ചൈത്രക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയ ചൈത്രയെ ഡി.സി.പിയുടെ ചുമതലയില്‍നിന്നു നീക്കിയിരുന്നു. ക്രമസമാധാനപാലന ഡി.സി.പിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്കുതന്നെ തിരികെ അയക്കുകയായിരുന്നു.

അവധിയിലായിരുന്ന ഡി.സി.പി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിക്കുകയായിരുന്നു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡി.സി.പിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

ജനുവരി 23ന് രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. സി.പി.ഐ.എം നേതാക്കള്‍ പൊലീസിനെ തടഞ്ഞെങ്കിലും പരിശോധന നടത്താതെ പോകില്ലെന്ന് ഡി.സി.പി നിലപാട് എടുക്കുകയായിരുന്നു.

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എന്നാല്‍ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ നാടുകടത്താനുള്ള ശ്രമത്തില്‍ ഇടപെടണം; മുഖ്യമന്ത്രിയ്ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്


കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്.

കേസില്‍ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സി.പി.ഐ.എം
ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ചൈത്ര തേരസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. ഉണ്ടായ കാര്യങ്ങള്‍ ഡി.സി.പി മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കമ്മീഷണര്‍ അന്വേഷണം നടത്തുന്നത്. ആദ്യ പടിയായി ചൈത്ര തേരസ ജോണിനോട് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു.

ബി.ജെ.പിയുടെയും ശബരിമല കര്‍മസമിതിയുടെയും ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ ചൈത്ര തേരസ ജോണ്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടിയിരുന്നു. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികള്‍ ഒളിവില്‍ പോയപ്പോള്‍ എന്‍ജിഒ യൂണിയന്‍ ഓഫീസ് റെയ്ഡ് ചെയ്തതും ചൈത്രയായിരുന്നു.

We use cookies to give you the best possible experience. Learn more