കോഴിക്കോട്: തിക്കൊടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തിന് പിന്നാലെ അന്തരിച്ച പെണ്‍കുട്ടിയേയും കുടുംബത്തേയും അപമാനിക്കുന്നതരത്തിലുള്ള സംഘപരിവാര്‍ സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.
ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
സംഘപരിവാര്‍ അനുകൂല വാര്‍ത്താപോര്‍ട്ടലായ കര്‍മ്മ ന്യൂസ് പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പോസ്റ്റില്‍ പറയുന്നു.
‘
പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഘി ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ്മ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞു പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി ഇയാളെ ചതിച്ചതിന്റെ സ്വാഭാവിക പ്രതികരണമാണ് നിഷ്ഠൂരമായ ഈ കൊലപാതകമെന്നാണ് കര്‍മ്മ ന്യൂസിന്റെ റിപ്പോര്‍ട്ടിംഗ്.
കൊല നടക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഫോണ്‍ ചെയ്തു റെക്കോര്‍ഡ് ചെയ്ത വോയ്‌സ് ക്ലിപ്പുകള്‍ ഉപയോഗിച്ചാണ് കര്‍മ്മ ന്യൂസ് ഇത്തരമൊരു റിപ്പോര്‍ട്ട് വളരെ ആസൂത്രിതമായി പടച്ചുണ്ടാക്കിയത്,’ പോസ്റ്റില്‍ പറയുന്നു.
പ്രതിയായ നന്ദുവിന് കൊലപാതകം നടത്താന്‍ ആര്‍.എസ്.എസ്സിന്റെ സഹായം ലഭിച്ചതായും പോസ്റ്റില്‍ പറയുന്നു. കൃഷ്ണപ്രിയയേയും കുടുംബത്തേയും അപമാനിച്ചവരേയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന ചോദ്യം ചെയ്യണമെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പോസ്റ്റിലൂടെ അവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ നന്ദുകുമാര്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദുകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും മരണപ്പെടുകയും ചെയ്തിരുന്നു.
തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.
ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിക്കുകയായിരുന്നു.
തീകൊളുത്തും മുന്‍പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി ആശുപത്രിയില്‍ വെച്ച് കൃഷ്ണപ്രിയ പൊലീസിന് മൊഴി നല്‍കിയിരുന്നു.
മോഹനന്‍ മാസ്റ്ററുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
തിക്കോടിയിലെ കൃഷ്ണപ്രിയ എന്ന 22 കാരിയുടെ നിഷ്ഠൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഘി ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ്മ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞു പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി ഇയാളെ ചതിച്ചതിന്റെ സ്വാഭാവിക പ്രതികരണമാണ് നിഷ്ഠൂരമായ ഈ കൊല പാതകമെന്നാണ് കര്‍മ്മ ന്യൂസിന്റെ റിപ്പോര്‍ട്ടിംഗ്. കൊലനടക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഫോണ്‍ ചെയ്തു റെക്കോര്‍ഡ് ചെയ്ത വോയ്‌സ് ക്ലിപ്പുകള്‍ ഉപയോഗിച്ചാണ് കര്‍മ്മ ന്യൂസ് ഇത്തരമൊരു റിപ്പോര്‍ട്ട് വളരെ ആസൂത്രിതമായി പടച്ചുണ്ടാക്കിയത്.
പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള നന്ദുവിന്റെ തീരുമാനത്തിലും കൊലപാതക ആസൂത്രണത്തിലും ആര്‍.എസ്.എസുമായി ബന്ധപ്പെട്ടവര്‍ അവനെ സഹായിച്ചിരുന്നുവെന്നതിന്റെ സൂചനകള്‍ പലതും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
കൊല നടന്ന് നിമിഷങ്ങള്‍ക്കകം അവിടെയെത്തിയ ആര്‍.എസ്.എസുകാര്‍ അവനെ ചതിച്ചത് കൊണ്ടാണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതെന്ന് നാട്ടുകാരോടും മാധ്യമങ്ങളോടും വിശദീകരിക്കാന്‍ കാണിച്ച ഉത്സാഹവും സംശയം ജനിപ്പിക്കുന്നതാണ്.
കര്‍മ്മ ന്യൂസിന്റെ പ്രചരണവും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലയെ ന്യായീകരിക്കുന്ന വിശദീകരണങ്ങളും സംഘപരിവാര്‍ സഹായം ആര്‍.എസ്.എസുകാരനായ നന്ദുവിന് ഈ ക്രൂരമായ കൊല നടത്തുന്നതിന് ലഭിച്ചിട്ടുണ്ടെന്നാണ് സംശയിപ്പിക്കുന്നതെന്ന് പ്രസ്താവന എടുത്തുപറയുന്നു. ഇത്തരം പ്രചരണം നടത്തിയവരെ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: CPIM district committee against cyber attack against late Krishnapriya