| Monday, 11th February 2019, 10:10 pm

സ്ത്രീസമത്വവും ശാക്തീകരണവുമാണ് പാര്‍ട്ടി നയം; എസ്. രാജേന്ദ്രനെ തള്ളി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ എസ്.രാജേന്ദ്രന്‍ എം.എല്‍.എ നടത്തിയ പ്രസ്താവന തള്ളി സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സ്ത്രീ സമത്വവും ശാക്തീകരണവും നയമാക്കിയ പാര്‍ട്ടി പ്രസ്താവന തള്ളുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എം.എല്‍.എ നടത്തിയ പ്രസ്താവന. മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല.




ജനപ്രതിനിധി എന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് എം.എല്‍.എ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സബ് കളക്ടര്‍ക്കെതിരെ അദ്ദേഹത്തില്‍നിന്ന് മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ALSO READ: ശബരിമലയിലേത് 2018 ലെ ചരിത്രവിധി; പൗരാവകാശത്തിന്റെ ഭാഗം മാത്രമാണ് മതസ്വാതന്ത്ര്യമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

സബ് കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ എസ്.രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. പിന്നാലെയാണ് പ്രസ്താവന തള്ളി സി.പി.ഐ.എം രംഗത്തെത്തിയിട്ടുള്ളത്.

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എല്‍.എ. തട്ടിക്കയറിയത്. ദേവികുളം സബ്കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്ന തരത്തിലായിരുന്നു എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ പരാമര്‍ശം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more