പി.എസ്.സി ഉദ്യോ​ഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സർക്കാരിന് സി.പി.ഐ.എം നിർദേശം
Kerala News
പി.എസ്.സി ഉദ്യോ​ഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സർക്കാരിന് സി.പി.ഐ.എം നിർദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th February 2021, 2:48 pm

തിരുവനന്തപുരം: പി.എസ്.സി ഉദ്യോ​ഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിപക്ഷം സമരത്തെ രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നത് തടയണമെന്നും സി.പി.ഐ.എം സർക്കാരിന് നിർദേശം നൽകി.

സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോ​ഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സി.പി.ഐ.എം വ്യക്തമാക്കി. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് തീരുമാനം.

സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായി സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പറഞ്ഞു. തീരുമാനം വൈകിയെങ്കിലും ഈ തീരുമാനം പ്രതീക്ഷയാണ്. സി.പി.ഐ.എമ്മിന്റെ ശ്രദ്ധയിലേക്ക് ഇത് കൊണ്ട് വരാൻ സമരത്തിലൂടെ സാധിച്ചു. 13 ദിവസത്തെ അധ്വാനമാണ് ഈ ഫലത്തിലേക്ക് എത്തിച്ചതെന്നും റാങ്ക് ജേതാക്കൾ പറഞ്ഞു.

ഉദ്യോ​ഗാർത്ഥികൾ സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണെന്നും അക്രമ സമരം നടത്തുകയാണെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.

ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നുമാണ് യോ​ഗത്തിന് ശേഷം മന്ത്രി ഇ. പി ജയരാജൻ പറഞ്ഞത്.

അതേസമയം ഉദ്യോ​ഗാർത്ഥികളുമായി ചർച്ച നടത്തേണ്ടതില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്.

സമരത്തിൽ സർക്കാർ ഇടപെടാൻ വിമുഖത കാണിക്കുന്നതിൽ പ്രതിഷേധിച്ച് ഉദ്യോ​ഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുമ്പിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരനാണ് ഉദ്യോ​ഗാർത്ഥികളുടെ തീരുമാനം. സമരം 26ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: CPIM directs Government to solve PSC rank holder’s strike