Kerala News
വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 24, 12:43 pm
Tuesday, 24th August 2021, 6:13 pm

കണ്ണൂര്‍: കാര്‍ഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍. ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖില്‍ നരങ്ങോലിയെയാണ് ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. പിണറായി ഫാര്‍മേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് നിഖിലിനെ നേരത്തെ നീക്കിയിരുന്നു.

സൊസൈറ്റിയില്‍ ലോണിനായി അപേക്ഷിച്ച യുവതിയോടാണ് നിഖില്‍ മോശമായി പെരുമാറിയത്. സൊസൈറ്റി സെക്രട്ടറിയായ നിഖില്‍ നരങ്ങോലി ഫോണില്‍ അര്‍ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്‌സാപ്പില്‍ നിരന്തരം മെസേജ് അയക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.

ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.

നടപടി എടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധിയുമായ പി. ബാലനെ അറിയിച്ചതോടെ ജനറല്‍ ബോഡി ചേര്‍ന്നു.

നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Dharmadam Andallur Branch Nikhil Narangoli