| Friday, 18th January 2019, 7:30 pm

ആലപ്പാട് കരിമണല്‍ ഖനനം: വി.എസിന്റെ നിലപാട് തള്ളി സി.പി.ഐ.എം; ഖനനം നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തില്‍ മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്റെ നിലപാട് തള്ളി സി.പി.ഐ.എം.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ലെന്ന് സി.പി.ഐ.എം. സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരുമെന്നാണ് സി.പി.ഐ.എമ്മിന്റെ നിലപാട്.


പ്രദേശവാസികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ വേണമെന്നും സി.പി.ഐ.എം തീരുമാനിച്ചിട്ടുണ്ട്.

ആലപ്പാട് തീരത്തെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് ഒരുമാസത്തേക്ക് നിറുത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചത്. വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് വരുന്നതുവരെ സീ വാഷിംഗ് നിര്‍ത്തിവെക്കുമെന്നും ഇന്‍ലാന്‍ഡ് വാഷിംഗ് തുടരുമെന്നും വ്യവസായ ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.


ഖനനം പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുകയും തുടര്‍പഠനം നടത്തിയതിന് ശേഷം മാത്രം ഖനനം തുടരണം എന്നായിരുന്നു വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും വി.എസ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more