തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സി.പി.ഐ.എം. ഇത്തരം പ്രചാരവേല കൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ് തിരുവനന്തപുരം സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
‘സന്ദീപ് നായര്‍ ബി.ജെ.പി യുടെ പ്രധാന പ്രവര്‍ത്തകനാണ്. ബി.ജെ.പി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്.കെ.പി രമേശിന്റെ സ്റ്റാഫാണ് സന്ദീപ്.’
ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ അതിലെ പ്രൊഫൈല്‍ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നില്‍കുന്ന ചിത്രമാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
2015-ലും മറ്റുമുള്ള പോസ്റ്റുകളില്‍ കടുത്ത ബി.ജെ.പി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവരായി ജോലി ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു ബി.ജെ.പി കൗണ്‍സിലറുടെ ഡ്രൈവറായും ജോലി ചെയ്തു.
2015 മുതലിങ്ങോട്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ബി.ജെ.പി ആഭിമുഖ്യം പ്രകടമായി സന്ദീപ് കാണിച്ചിരിക്കുന്നത്. നാല് വര്‍ഷം മുമ്പുള്ള പോസ്റ്റുകളുടെ കമന്റുകളില്‍ എന്നും താന്‍ ബി.ജെ.പിയാണെന്നും കുമ്മനം സ്വന്തം വീട്ടിലുണ്ടെന്നും അവിടെ തങ്ങളെല്ലാവരും ഉണ്ടെന്നും സന്ദീപ് എഴുതിയിരിക്കുന്നത് കാണാം.
നേരത്തെ സന്ദീപ് നായര്‍ സി.പി.ഐ.എം അംഗമാണെന്ന് അമ്മ പറഞ്ഞെന്ന രൂപത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതു പിന്നീട് തെറ്റാണെന്ന് അമ്മ പറഞ്ഞിരുന്നു. മകന് സ്വര്‍ണക്കടത്തുകേസുമായി ബന്ധമില്ല. കടയുടെ ഉദ്ഘാടനത്തിനാണ് സ്വപ്നയെ കണ്ടത്.
അല്ലാതെ രണ്ട് തവണ കൂടി കണ്ടിട്ടുണ്ട്. കൂടുതലൊന്നും അറിയില്ലെന്നും സന്ദീപിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ