തിരുവനന്തപുരം: സി.പി.ഐ.എം രാജ്യസഭകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണ്‍ ആക്ഷേപിച്ചതില്‍ ഇടതുപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചു.
എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം.
‘പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലാണ് എളമരം കരീമിനുനേരെയുള്ള അധിക്ഷേപം. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും സമാദരണീയനായ പാര്‍ലമെന്റേറിയനുമായ അദ്ദേഹത്തെ ഇത്തരത്തില്‍ ആക്ഷേപിച്ചത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.
ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ് അവതാരകന്‍ സംസാരിച്ചത്. ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല ഈ പെരുമാറ്റം. മാധ്യമസ്വാതന്ത്ര്യത്തിനു അടിസ്ഥാനമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍വരുന്നതുമല്ല അവതാരകന്റെ പരാമര്‍ശങ്ങള്‍. അങ്ങേയറ്റം അപലപനീയമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സമൂഹത്തോടും എളമരം കരീമിനോടും മാപ്പ് പറയാന്‍ വിനു വി. ജോണ്‍ തയ്യാറാകണം. അതിനുള്ള മാന്യത അദ്ദേഹം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.
വിനു വി. ജോണ്‍ എളമരം കരീമിനെതിരെ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു.
‘ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം ഞാനും കെ.പി. രാജേന്ദ്രനും പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ ഒരു മുതലാളി(സാബു എം. ജേക്കബ്)യെ അവിടെക്കൊണ്ടിരുത്തി നടത്തിയ ചര്‍ച്ച കൊണ്ടുപോയത് തെറ്റായ രീതിയിലായിരുന്നു.
എളമരം കരീമിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒരു ദൗര്‍ഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആക്രമിക്കണം എന്നാണ് വിനു വി. ജോണ്‍ പറഞ്ഞത്. എളമരം കരീമിന്റെ മുഖം അടിച്ച് പരത്തണം എന്നും വിനു വി. ജോണ്‍ പറഞ്ഞു. ആയിരം വിനു വി. ജോണുമാര്‍ വിചാരിച്ചാല്‍ എളമരം കരീമിന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല,’ ചന്ദ്രശേഖരന്‍ പറഞ്ഞു.
Content Highlights: CPIM demands Vinu V John should apologizes to Elamaram Kareem