ഹിന്ദുസേനക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെയുള്ള സി.പി.ഐ.എം പരാതി; നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വൃന്ദ കാരാട്ട്
national news
ഹിന്ദുസേനക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെയുള്ള സി.പി.ഐ.എം പരാതി; നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st January 2020, 8:44 pm

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുസേനക്കും ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മക്കുമെതിരെയുള്ള പാര്‍ട്ടി പരാതിയില്‍ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വൃന്ദ കാരാട്ട് ദല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായികിന് കത്തെഴുതി.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുരാഗ് താക്കൂറും പര്‍വേഷ് വര്‍മ്മയും വിദ്വേഷം പ്രസംഗം നടത്തിയെന്നാരോപിച്ച് ജനുവരി 29 നായിരുന്നു പാര്‍ട്ടി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്.

‘ഖേദകരമെന്ന് പറയട്ടെ, നിങ്ങളോ ദല്‍ഹി പൊലീസോ പാര്‍ട്ടി പരാതിയില്‍ ഇതുവരെ നടപടികളൊന്നുമെടുത്തിട്ടില്ല. നിങ്ങള്‍ നടപടിയെടുക്കാത്തതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഇന്നലെ ജാമിയ മിലിയയില്‍ കണ്ടത്. ആയുധധാരി ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വെടിയുതിര്‍ത്തു. അപ്പോള്‍ ദല്‍ഹി പൊലീസിന്റെ മുഴുവന്‍ സൈന്യവും കാണികളെ പൊലെ നോക്കി നില്‍ക്കുകയായിരുന്നു.’ വൃന്ദ കാരാട്ട് കത്തില്‍ പറയുന്നു. പ്രതിക്ക് ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയോട് അനുഭാവം ഉണ്ടെന്നും സംഘപരിവാാര്‍ പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളാണെന്നും കത്തില്‍ ആരോപിക്കുന്നു.

പ്രവര്‍ത്തരോട് എന്ത് ചെയ്യാനാണോ അനുരാഗ് താക്കൂര്‍ ആഹ്വാനം ചെയ്തത് അതാണ് അയാള്‍ നടപ്പിലാക്കിയതെന്നും കത്തില്‍ പറയുന്നു.

വ്യാഴാഴ്ച്ചയായിരുന്നു ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് ‘എന്റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക’ എന്ന് പോസ്റ്റ് ചെയ്ത് കൊണ്ടാണ് എത്തിയത്.

‘ഷാഹീന്‍ ബാഗ് ഗെയിം അവസാനിക്കുന്നു’ എന്നും മറ്റൊരു പോസ്റ്റും ഇയാള്‍ ഇട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയാണ് 19 കാരനായ രാം ഗോപാല്‍.

ദല്‍ഹിയിലെ ഒരു റാലിയില്‍വെച്ചായിരുന്നു അനുരാഗ് താക്കൂറിന്റെ വിവാദ പരാമര്‍ശം. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു പ്രസ്താവന.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അനുരാഗ് താക്കൂറിന് തൊട്ടുപിന്നാലെയാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ വിവാദ പാരാമര്‍ശം നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ