കൊവിഡ്; എല്ലാ രാഷ്ട്രീയത്തടവുകാരേയും വിട്ടയയ്ക്കണമെന്ന് സി.പി.ഐ.എം
national news
കൊവിഡ്; എല്ലാ രാഷ്ട്രീയത്തടവുകാരേയും വിട്ടയയ്ക്കണമെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 4:50 pm

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.  അസമിലെ അഖില്‍ ഗോഗോയ് ഉള്‍പ്പെടെ പലര്‍ക്കും കൊവിഡ് -19 ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ജയിലുകളില്‍ കഴിയുന്ന നിരവധി രാഷ്ട്രീയ തടവുകാരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ആരോഗ്യനില വഷളാകുന്നതില്‍ പൊളിറ്റ് ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. തിങ്ങിനിറഞ്ഞ ജയിലുകളിലെ പരിതാപകരമായ അവസ്ഥയും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തതും രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് പി.ബി നിരീക്ഷിച്ചു.

മിക്കവരെയും വിവിധ രോഗങ്ങള്‍ അലട്ടുന്നുണ്ട്. ദീര്‍ഘകാലമായി മരുന്ന് കഴിക്കുന്നവരാണ് പലരും.

വരവര റാവുവിന്റെ ആരോഗ്യസ്ഥിതിയും അപകടകരമാണ്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗൗതം നവ്‌ലഖ, അനില്‍ തെല്‍തുംഡെ, സുധ ഭരദ്വാജ്, ഷോമ സെന്‍ തുടങ്ങിയവര്‍ക്ക് ജയിലിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്.

90 ശതമാനം വൈകല്യമുള്ള പ്രഫ. സായിബാബയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് ഗുരുതരമായ 19 രോഗങ്ങളാണുള്ളത്. ആരോഗ്യസ്ഥിതി പരിഗണിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നതായും പി.ബി വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും വൈദ്യസഹായം നല്‍കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ