ആദ്യം വാക്‌സിനെത്തിക്ക്, എന്നിട്ട് മതി സൗജന്യ ഉപദേശം; കേന്ദ്രമന്ത്രിമാരുടെ പ്രചരണത്തെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം
Kerala News
ആദ്യം വാക്‌സിനെത്തിക്ക്, എന്നിട്ട് മതി സൗജന്യ ഉപദേശം; കേന്ദ്രമന്ത്രിമാരുടെ പ്രചരണത്തെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th July 2021, 11:21 am

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിന് മേല്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും പഴി ചാരുന്നതിനെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം. കേന്ദ്രസര്‍ക്കാരിന്റെ തന്നെ ദേശീയ സിറോ സര്‍വേ ഫലം മുന്‍നിര്‍ത്തി ബി.ജെ.പി വാദങ്ങളെ പൊളിക്കാനാണ് സി.പി.ഐ.എം നീക്കം.

സൗജന്യ ഉപദേശം നല്‍കാതെ കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് പറഞ്ഞു.

‘കേരളത്തിലാണ് ഏറ്റവും കുറവ് കൊവിഡ് വ്യാപനം. മധ്യപ്രദേശിലാണ് കൂടുതല്‍. സിറോ പ്രിവലന്‍സ് സര്‍വേ ഇതിന് തെളിവാണ്. കേരളം കൊവിഡിനെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്,’ തോമസ് ഐസക് പറഞ്ഞു.

ഇപ്പോള്‍ കേരളത്തില്‍ കൊവിഡ് കൂടാന്‍ കാരണം വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എത്ര പേരില്‍ കൊവിഡ് വന്നിട്ടുണ്ടാകും എന്ന് കണക്കാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ദേശീയ സിറോ സര്‍വേ ഫലപ്രകാരം ഏറ്റവും കുറവ് (44ശതമാനം)കൊവിഡ് വന്നത് കേരളത്തിലും ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലുമാണ്(75.9.ശതമാനം).

അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആക്രമണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി.ജെ.പി നേതാക്കള്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരും കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി.

പെരുന്നാളിന് ഇളവ് അനുവദിച്ചത് കൊണ്ടാണ് കേരളത്തില്‍ കൊവിഡ് കൂടിയതെന്ന തരത്തില്‍ വര്‍ഗീയ പ്രചരണത്തിനാണ് ബി.ജെ.പിയുടെ ശ്രമം. മഹാമാരിയെ രാഷ്ട്രീയനേട്ടങ്ങള്‍ക്കുപയോഗിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നാണ് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞത്.

കൊവിഡ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിന് സാധിച്ചുവെന്നത് വ്യാജമാണെന്നായിരുന്നു മുരളീധരന്‍ റിപ്പബ്ലിക് ടിവിയോട് പറഞ്ഞത്.

കൊവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ നരേന്ദ്രമോദി കഠിനപരിശ്രമം നടത്തുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രാജ്യത്തെ മൂന്നാം തരംഗത്തിലേക്ക് കടത്തിവിടുകയാണെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തത്.

കണക്കുകള്‍ പ്രകാരം കേരളത്തില്‍ 44 ശതമാനം പേര്‍ക്ക് മാത്രമേ ജൂലൈ ആദ്യം വരെ കൊവിഡ് ബാധിച്ചിട്ടുള്ളൂ. അതേസമയം, ദേശീയ ശരാശരി 67.6 ശതമാനമാണ്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ജൂണ്‍-ജൂലൈ മാസങ്ങളില്‍ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലാണ് ആണ് സര്‍വേ നടത്തിയത്.

കേരളത്തില്‍ കൊവിഡ് വന്നവരുടെ എണ്ണം കുറവായതിനാല്‍ ആര്‍ജിത പ്രതിരോധ ശേഷിയും കുറവാണ്. ഒരാള്‍ക്ക് കൊവിഡ് വന്നു ഭേദമായാല്‍ അയാളില്‍ ആന്റിബോഡി ഉണ്ടാവുകയും കൊവിഡ് പിന്നീട് വരാന്‍ സാധ്യത കുറയുകയും ചെയ്യുന്നതിനെയാണ് ആര്‍ജിത പ്രതിരോധ ശേഷി എന്നു പറയുന്നത്.

സിറോ സര്‍വ്വേ ഫലം പ്രകാരം കൊവിഡിനെതിരെ ഉള്ള ആര്‍ജിത പ്രതിരോധ ശേഷി ഏറ്റവും കുറവ് കേരളത്തിലും ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലുമാണ്.

കേരളത്തില്‍ ഹേര്‍ഡ് ഇമ്യൂണിറ്റിയ്ക്കു ഇനിയും സമയമെടുക്കുമെന്നാണ് സിറോ സര്‍വേയുടെ വിപരീത ഫലം. കേരളത്തില്‍ 44 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ രോഗം വന്നത്. അതുകൊണ്ടുതന്നെ ഇനിയും ആളുകള്‍ക്ക് രോഗം വന്നേക്കാം.

സിറോ സര്‍വേ നടത്തിയ മറ്റ് സംസ്ഥാനങ്ങളിലെ സിറോ പോസിറ്റീവ് നിരക്ക്:

രാജസ്ഥാന്‍-76.2, ബിഹാര്‍-75.9, ഗുജറാത്ത്-75.3, ഛത്തീസ്ഗഢ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്‌നാട്-69.2, ഒഡിഷ-68.1, പഞ്ചാബ്-66.5, തെലങ്കാന-63.1, ജമ്മുകശ്മീര്‍-63, ഹിമാചല്‍പ്രദേശ്-62, ജാര്‍ഖണ്ഡ്-61.2, പശ്ചിമബംഗാള്‍-60.9, ഹരിയാന-60.1, മഹാരാഷ്ട്ര-58, അസം-50.3

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM defends Central Govt Attack on Covid Hike BJP