ഷിംല: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എം. കഴിഞ്ഞ ദിവസം ഹിമാചലില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് അന്തിമ അനുമതിക്കായി പട്ടിക പൊളിറ്റ് ബ്യൂറോയിലേക്ക് അയക്കുമെന്ന് സി.പി.ഐ.എം ഹിമാചല്‍ പ്രദേശ് സംസ്ഥാന സെക്രട്ടറി ഓങ്കാര്‍ ഷാദ് പറഞ്ഞു. ബാക്കി സ്ഥാനാര്‍ത്ഥികളെ സെപ്റ്റംബര്‍ 26ന് പ്രഖ്യാപിക്കും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗണ്യമായ വോട്ടുകളുള്ള 17 നിയമസഭാ സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും ഷാദ് പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് സി.പി.ഐ.എമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി നേതാവും ഷിംല മുന്‍ മേയറുമായ സഞ്ജയ് ചൗഹാന്‍ പറഞ്ഞു.
ഹിമാചലിലെ ചില മണ്ഡലങ്ങളില്‍ സി.പി.ഐ.എമ്മിന് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാറുണ്ട്. എന്നിരുന്നാലും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കാര്യമായ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. രാകേഷ് സിങ്ങ് ആണ് ഹിമാചല്‍ പ്രദേശില്‍ സി.പി.ഐ.എമ്മിനുള്ള ഏക എം.എല്‍.എ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും തിയോഗില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി രാകേഷ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഹിമാചലില്‍ സി.പി.ഐ.എം എം.എല്‍.എയുണ്ടാകുന്നത്. ബി.ജെ.പിയുടെ രാകേഷ് വര്‍മയെ പരാജയപ്പെടുത്തിയായിരുന്നു രാകേഷ് സിങ്ങിന്റെ വിജയം.
1983ല്‍ ഷിംല സീറ്റില്‍ നിന്ന് സംസ്ഥാന അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലറായിരുന്നു. എന്നാല്‍ 1978ലെ ഒരു കൊലപാതക കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ ശരിവെച്ചതിനെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു. 2012ലെ തെരഞ്ഞെടുപ്പില്‍ സിങ് മത്സരിച്ചു. എന്നാല്‍ അന്ന് 10,000 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്താനെ രാകേഷിന് സാധിച്ചുള്ളു.
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍
തിയോഗില്‍ നിന്നുള്ള എം.എല്‍.എ രാകേഷ് സിങ്, അനിയില്‍ നിന്ന് ദേവ്കി നന്ദ്, ജോഗേന്ദ്രനഗറില്‍ നിന്ന് കുശാല്‍ ഭരദ്വാജ്, ധരംപൂര്‍ മാണ്ഡി ഭൂപേന്ദ്ര സിങ്, സരാജ് മഹേന്ദ്ര റാണ, ഹാമിര്‍പൂരില്‍ നിന്ന് ഡോ. കാശ്മീര്‍ സിങ് താക്കൂര്‍, ചമ്പയില്‍ നിന്ന് നരേന്ദ്ര സിങ്, ആശിഷ് കുമാര്‍.
സംവരണ നിയമസഭാ മണ്ഡലമായ പച്ചാടില്‍ നിന്ന് ആശിഷ് കുമാറിനെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlight: CPIM declared its candidates in himacha pradesh, says will fight against the bjp